Uncategorized

വന്യജീവി ആക്രമണം; 8 വർഷത്തിനിടെ കേരളത്തിൽ കൊല്ലപ്പെട്ടത് 909 പേർ, നഷ്ടപരിഹാരം കിട്ടാതെ നിരവധി കുടുംബങ്ങൾ

തിരുവനന്തപുരം: മൂന്നു ദിവസത്തിനിടെ സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ മരിച്ചത് രണ്ട് പേരാണ്. സമീപകാലത്തായി വന്യജീവി ആക്രമണങ്ങൾ കേരളത്തിൽ വർധിക്കുകയാണ്. വനംമന്ത്രി എകെ ശശീന്ദ്രൻ നിയമസഭയിൽവെച്ച കണക്കുപ്രകാരം കഴിഞ്ഞ എട്ടുവർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ 909 പേരാണ് കൊല്ലപ്പെട്ടത്. 7492 പേർക്ക് സാരമായി പരിക്കേറ്റു. ഇതിൽ പിന്നീടുള്ള ജീവിതം പൂർണ്ണമായും കിടക്കയിൽ ആയിപ്പോയവരും ഏറെയുണ്ട്.

2016 മുതൽ 2023 വരെ മാത്രം കേരളത്തിൽ 55,839 വന്യജീവി ആക്രമണങ്ങളുണ്ടായതായാണ് രേഖകൾ വ്യക്തമാക്കുന്നത്. 2016 മുതൽ 2024 വരെയുള്ള കണക്ക് അനുസരിച്ച് വന്യജീവി ആക്രമണത്തിൽ മരിച്ചത് 909 പേരാണ്. 2016ൽ 142 പേരാണ് കൊല്ലപ്പെട്ടത്. 2017 ൽ 110 പേരും 2018 ൽ 134 പേരും വന്യജീവി ആക്രമങ്ങളിൽ കൊല്ലപ്പെട്ടു. 2019 ൽ 100 പേർക്കാണ് ജീവൻ നഷ്ടമായത്. 2020 ൽ 100 പേർക്കാണ് വന്യജീവി ആക്രമങ്ങളിൽ സംസ്ഥാനത്ത് ജീവൻ നഷ്ടമായത്. 2021ൽ 127 പേരും, 2022ൽ 111 പേരും, 2023 ൽ 85 പേരും കൊല്ലപ്പെട്ടു.

അതേസമയം വനംമന്ത്രി നിയമസഭയിൽവെച്ച കണക്കുപ്രകാരം 909 പേർ കൊല്ലപ്പെട്ടെങ്കിലും നഷ്ടപരിഹാരം ലഭിച്ചത് 706 പേർക്ക് മാത്രമാണ്. കോതമംഗലത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ കുടുംബത്തിന് സഹായധനം വൈകില്ലെന്നും ഇന്നുതന്നെ നൽകുന്നതിന് നടപടി സ്വീകരിച്ചതായും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.രണ്ടു ഗഡുക്കളായാണ് സാധാരണ സഹായധനം നൽകാറുള്ളതെങ്കിലും എൽദോസിന്റെ കുടുംബത്തിന് ഇന്നു തന്നെ മുഴുവൻ തുകയും നൽകുന്നതിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button