ഭാര്യ വീട്ടിലില്ല, അന്വേഷിച്ചപ്പോൾ മറ്റൊരാൾക്കൊപ്പം; യുവാവിനെ കൊലപ്പെടുത്തി ഭർത്താവ്, സംഭവം ദില്ലിയിൽ
ദില്ലി: മറ്റൊരു വീട്ടിൽ ഭാര്യയോടൊപ്പം കണ്ട യുവാവിനെ ഭർത്താവ് മർദ്ദിച്ച് കൊലപ്പെടുത്തി. റിതിക് വർമ്മ എന്ന 21കാരനാണ് കൊല്ലപ്പെട്ടത്. ദില്ലിയിലെ ശാസ്ത്രി പാർക്ക് ഏരിയയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
റിതിക് വർമ്മയുടെ വീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഭാര്യയെ കണ്ടതോടെ പ്രകോപിതനായ ഭർത്താവ് ഇയാളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഭാര്യയ്ക്കും മർദ്ദനമേറ്റതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത് ഈസ്റ്റ്) രാകേഷ് പവേരിയ പറഞ്ഞു. റിതിക്കിനെ പ്രതി ക്രൂരമായാണ് മർദ്ദിച്ചതെന്നും ശരീരത്തിൻ്റെ എല്ലാ ഭാഗത്തും മുറിവുകളുണ്ടായിരുന്നുവെന്നും റിതിക്കിന്റെ അമ്മാവൻ ആരോപിച്ചു.
റിതിക്കിനും യുവതിയ്ക്കും പ്രതിയുടെ മർദ്ദനമേറ്റെന്ന് അയൽവാസി വെളിപ്പെടുത്തി. ഒന്നിലധികം പേർ ചേർന്നാണ് റിതികയെ മർദ്ദിച്ചത്. റിതിക് ടെമ്പോ ഡ്രൈവറായിരുന്നുവെന്നും മാതാപിതാക്കളുടെ ഏക മകനായിരുന്നുവെന്നും അയൽവാസി കൂട്ടിച്ചേർത്തു. ഗുരുതരമായി പരിക്കേറ്റ റിതിക്കിനെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.