ജലാഞ്‌ജലി -നീരുറവ് പദ്ധതി ; അപേക്ഷ സ്വീകരിക്കൽ ക്യാമ്പ് തുടങ്ങി
പേരാവൂർ: പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെയും ശുചിത്വ മിഷൻ -ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നടപ്പിലാക്കുന്ന സമഗ്ര വികസന പദ്ധതിയായ ജാലഞ്ജലി -നീരുറവിൽ വ്യക്തികത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ സ്വീകരിക്കൽ ക്യാമ്പ് തുടങ്ങി.
കണിച്ചാർ ഗ്രാമ പഞ്ചായത്ത് ഹാളിലാണ് ക്യാമ്പ് ആരംഭിച്ചത്. കുളം, കിണർ റീ ചാർജ്ജ്, കമ്പോസ്റ്റ് -സോക്ക് പിറ്റുകൾ എന്നിവ പൊതുവിഭാഗങ്ങൾക്കും, തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, അസോളകൃഷി, കക്കൂസ്, കിണർ എന്നിവ പ്രത്യേക വിഭാഗങ്ങൾക്കുമായിട്ടാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെയാണ് ക്യാമ്പ് നടക്കുക.
ഡിസംബർ 17ന് കോളയാട്, 18ന് കൊട്ടിയൂർ, 19ന് കേളകം, 20ന് പേരാവൂർ, 23ന് മാലൂർ, 24ന് മുഴക്കുന്ന് പഞ്ചായത്തുകളിലും ക്യാമ്പ് നടക്കും. എം ജി എൻ ആർ ഇ ജി തൊഴിൽകാർഡ്, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ്, ആധാർ കാർഡ്, തൻ വർഷ ഭൂ നികുതി -വീട്ടുനികുതി എന്നിവയുടെ പകർപ്പുമായി പേരാവൂർ ബ്ലോക്ക് പരിധിയിലെ കുടുബങ്ങൾക്ക് അപേക്ഷകൾ നൽകാം. ഡിസംബർ 25 മുതൽ 30 വരെ ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് വിഭാഗം ഓഫീസിലും അപേക്ഷകൾ സ്വീകരിക്കും.