Uncategorized

മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനമോടിക്കുന്നവരെ പിടിക്കാന്‍ എഐ ക്യാമറ; പരീക്ഷണം തുടങ്ങി

ഡെവണ്‍: മദ്യപിച്ചും മറ്റ് ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ചും വാഹനങ്ങള്‍ ഓടിക്കുന്നവരെ പിടിക്കാന്‍ എഐ ക്യാമറ വരുന്നു. ഈ സവിശേഷ എഐ ക്യാമറയുടെ പരീക്ഷണം യുകെയിലെ ഡെവണിലും കോണ്‍വാളിലും തുടങ്ങി. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള ലോകത്തിലെ ആദ്യ എഐ ക്യാമറയാണിതെന്ന് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മദ്യപിച്ചോ ലഹരിമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുന്നവര്‍ അപകടമുണ്ടാക്കുന്നത് പതിവായ സാഹചര്യത്തിലാണ് ദേവോണിലും കോണ്‍വാളിലും എഐ ക്യാമറകള്‍ പരീക്ഷിക്കുന്നത്. ഈ ക്യാമറ കണ്ടെത്തുന്ന ഡ്രൈവര്‍മാരെ പിന്നാലെ പൊലീസ് റോഡില്‍ തടഞ്ഞുനിര്‍ത്തുകയും മദ്യമോ നിയമവിരുദ്ധ ലഹരികളോ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ശാസ്ത്രീയമായി പരിശോധിക്കുകയും ചെയ്യും. പരിശോധനയ്ക്കായി വാഹനം പൊലീസ് തടഞ്ഞുനിര്‍ത്തും വരെ യാതൊരു സൂചനകളും ഡ്രൈവര്‍മാര്‍ക്ക് ഇത്തരം ക്യാമറകള്‍ നല്‍കില്ല.

ഡെവണിലും കോണ്‍വാളിലും ലോകത്ത് ആദ്യമായി ഇത്തരമൊരു എഐ ക്യാമറയുടെ പരീക്ഷണം നടത്തുന്നതില്‍ സന്തോഷമുണ്ടെന്ന് ക്യാമറ കമ്പനിയായ അക്യുസെന്‍സസിന്‍റെ യുകെ ജനറല്‍ മാനേജര്‍ ജെഫ് കോളിന്‍സ് പ്രതികരിച്ചു. ലഹരി ഉപയോഗിച്ച് ലക്കുകെട്ട ഡ്രൈവര്‍മാരെ അപകടമുണ്ടാക്കുന്നതിന് മുമ്പ് കണ്ടെത്തുന്നത് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഗുണകരമാകുമെന്ന് കോളിന്‍സ് കൂട്ടിച്ചേര്‍ത്തു. ഡ്രൈവ് ചെയ്യുമ്പോള്‍ സീറ്റ്-ബെല്‍റ്റ് ധരിക്കാത്തവരെയും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെയും കണ്ടെത്താന്‍ അക്യുസെന്‍സസ് ക്യാമറകള്‍ മുമ്പ് ഉപയോഗിച്ചിരുന്നു.

പൊലീസിന് എപ്പോഴും എല്ലാ സ്ഥലങ്ങളിലും നിലയുറപ്പിക്കാനാവില്ല. ഈ സാഹചര്യത്തില്‍ ഇത്തരം എഐ ക്യാമറകള്‍ ഗുണം ചെയ്യുമെന്നും വാഹനാപകടങ്ങള്‍ കുറയ്ക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥനായ സൈമണ്‍ ജെന്‍കിന്‍സണ്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button