ആദ്യം തമ്മിൽ തല്ലി, പിടിച്ച് മാറ്റാനെത്തിയ പൊലീസിനെയും തല്ലി; വാഴമുട്ടം ബാറിൽ യുവാക്കളുടെ ഗുണ്ടാ വിളയാട്ടം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബാറിൽ മദ്യപിക്കാൻ എത്തിയവർ തമ്മിൽ ഏറ്റുമുട്ടി. വാഴമുട്ടം ബൈപ്പാസിലെ ഡയമണ്ട് പാലസ് ബാറിലാണ് ആക്രമണം നടന്നത്. തടയാനെത്തിയ ബാർ ജീവനക്കാരെയും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാരെയും സംഘം ആക്രമിച്ചു പരിക്കേല്പിച്ചു . പരിക്കേറ്റ തിരുവല്ലം പൊലീസ് സ്റ്റേഷനിലെ എസ്.ഐ തോമസ്, പൊലീസുകാരായ ശ്യാമപ്രസാദ്, രതീഷ് ലാൽ എന്നിവരെയും ബാർ ജീവനക്കാരായ ഗോകുൽ അഖിൽ എന്നിവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം. ബാറിൽ മദ്യപിക്കാൻ എത്തിയ കൊല്ലം മടവൂർ സ്വദേശിയായ സജിൻ, പാച്ചല്ലൂർ പാറവിള സ്വദേശിയായ ശ്രീജിത്ത് (30) എന്നിരാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ബാറിനുള്ളിൽ മദ്യപിച്ചിരിക്കെ ഇരുവരും വാക്കേറ്റമുണ്ടാവുകയും ഏറ്റുമുട്ടുകയുമായിരുന്നു. ആദ്യം ജീവനക്കാർ ഇരുവരെയും പറഞ്ഞു വിലക്കാൻ ശ്രമിച്ചെങ്കിലും കൂട്ടാക്കിയില്ല. തുടർന്ന് ജീവനക്കാർ കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ തിരുവല്ലം പൊലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുത്ത്
ഇവരെ കൊണ്ട് പോകാൻ ശ്രമിക്കുന്നതിനിടെ അക്രമികൾ പൊലീസുകാരെ തടിക്കഷണം ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. പൂന്തുറ, കോവളം എന്നിവിടങ്ങളിലും നിന്നും കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് അക്രമികളെ പിടികൂടിയത്. സംഘർഷത്തിൽ പ്രതികളിലൊരാളായ ശ്രീജിത്തിനും പരിക്കേറ്റതിനെ തുടർന്ന് ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പ്രധാന പ്രതിയായ സജിൻ കസ്റ്റഡിയിലാണെന്നും തിരുവല്ലം പൊലീസ് അറിയിച്ചു.