Uncategorized

റാന്നി അമ്പാടി കൊലക്കേസ്; 3 പ്രതികളും എറണാകുളത്ത് നിന്നും പിടിയിൽ

പത്തനംതിട്ട: റാന്നി അമ്പാടി കൊലക്കേസിലെ പ്രതികൾ പിടിയിൽ. എറണാകുളത്ത് നിന്നാണ് പ്രതികളായ റാന്നി ചേത്തയ്ക്കൽ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടൻ, അജോ എന്നിവർ പിടിയിലായിരിക്കുന്നത്. ബിവറേജസിന് മുന്നിലുണ്ടായ തർക്കത്തിനൊടുവിലാണ് ​ഗുണ്ടാ സംഘം അമ്പാടിയെ കൊലപ്പെടുത്തിയത്. ​സംഭവ ശേഷം വെച്ചൂച്ചിറ റൂട്ടിൽ വാഹനം ഉപേക്ഷിച്ച പ്രതികൾ എറണാകുളത്തേക്ക് രക്ഷപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പ്രതികള്‍ പിടിയിലായിരിക്കുന്നത്.

ഇന്നലെ രാത്രിയാണ് മന്ദമരുതിയിൽ ഗ്യാങ് വാർ കണക്കെ നടുറോഡിൽ അരും കൊല നടന്നത്. 24 കാരനായ അമ്പാടി സുരേഷിനെ കാര്‍ ഇടിച്ചാണ് കൊലപ്പെടുത്തിയത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഗ്യാങ് വാറാണ് റാന്നിയിൽ നടന്നതെന്നും അതാണ് കാറിടിച്ചുള്ള കൊലയിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.

ഇന്നലെ രാത്രി എട്ടുമണിയോടെ മന്ദമരുതി ഭാഗത്ത് അപകടത്തിൽ ഒരാൾ മരിച്ചു എന്ന് വിവരം പൊലീസിന് ലഭിച്ചു. എന്നാൽ, ശരീരത്തിലെ പരിക്കുകൾ അടക്കം പൊലീസിൽ സംശയം ഉളവാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം എന്ന് വ്യക്തമായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കൊല്ലപ്പെട്ട അമ്പാടിയും സഹോദരങ്ങളും റാന്നി ബീവറേജസ് കോർപ്പറേഷൻ മുന്നിൽ വച്ച് ചേത്തക്കൽ സ്വദേശികളായ സംഘവുമായി വാക്ക് തർക്കം ഉണ്ടായി. പിന്നീട് മറ്റൊരു സ്ഥലത്ത് വzച്ച് കയ്യാങ്കളിയുമുണ്ടായി. പിന്നീട് മന്ദമരുതിയിൽ വെച്ച് ഏറ്റുമുട്ടാം എന്ന വെല്ലുവിളിയുമുണ്ടായി.

അമ്പാടിയും സഹോദരങ്ങളുമാണ് ആദ്യം കാറിൽ സ്ഥലത്തെത്തിയത്. അമ്പാടി കാറിൽ നിന്ന് പുറത്തിറങ്ങി ഉടൻ മറ്റൊരു കാറിലെത്തിയ ഗുണ്ടാ സംഘം അമ്പാടിയെ ഇടിച്ചിട്ട ശേഷം ദേഹത്തുകൂടി വാഹനം കയറ്റി ഇറക്കി കൊണ്ടുപോവുകയായിരുന്നു. വാഹനം കയറിയിറങ്ങിയാണ് അമ്പാടിയുടെ മരണം.മകന് ഒരാളുമായി ശത്രുതയില്ല എന്നാണ് അമ്പാടിയുടെ അച്ഛൻ പറയുന്നത്. സഹോദരങ്ങൾക്കൊപ്പം കാറിൽ പുറത്തുപോയി അപകടം ഉണ്ടായെന്ന് മാത്രമാണ് അറിഞ്ഞതെന്നും അച്ഛൻ സുരേഷ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button