അഭിമന്യു സ്മാരകം വാടകയ്‌ക്ക് നല്‍കി സിപിഎം; നേതൃത്വത്തിനെതിരെ പ്രതിഷേധം
കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിൽ കുത്തേറ്റുമരിച്ച എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ സ്മാരകം സിപിഎം വാടകയ്‌ക്ക് നൽകി. ബഹുനില മന്ദിരം അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിനാണ് നൽകിയിരിക്കുന്നത്. മറ്റൊരുനില പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗവും കൈക്കലാക്കി.
വിഷയത്തിൽ സിപിഎം ജില്ലാസെക്രട്ടറി സി.എൻ. മോഹനൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരേ പാർട്ടിൽ തന്നെ അമർഷം പുകയുന്നുണ്ട്. എസ്എഫ്ഐക്കുള്ളിലെ ഒരു വിഭാഗവും എതിർപ്പുമായി രംഗത്ത് വന്നിട്ടുണ്ട്.
2020 ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് സ്മാരകം ഉദ്ഘാടനംചെയ്തത്. ബ്രാഞ്ചുതലം മുതൽ ജനങ്ങളിൽനിന്ന് പണംപിരിച്ചാണ് അഭിമന്യുസ്മാരകമന്ദിരം സിപിഎം നിർമിച്ചത്. അഭിമന്യു രക്തസാക്ഷി ഫണ്ടിലേക്ക് ലഭിച്ചത് മൂന്ന് കോടിയിലേറെ രൂപയിലേറെ ലഭിച്ചതായാണ് വിവരം.ജില്ലാകമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് ധനസമാഹരണവും സ്മാരകത്തിന്റെ നിർമാണവും. കെട്ടിടത്തിൽ തൊഴില്‍ പരിശീലനം, ഗ്രന്ഥശാല, പിഎസ്സി പരിശീലനം എന്നിങ്ങനെ സൗകര്യങ്ങൾ ഒരുക്കുമെന്നായിരുന്നു വാഗ്ദാനം.
2018 ജൂലൈ രണ്ടിന് എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. എസ്എഫ്ഐ – ക്യാംപസ് ഫ്രണ്ട് തർക്കത്തെ തുടർന്നാണ് അഭിമന്യുവിന് കുത്തേറ്റത്. 26 പ്രതികളും 125 സാക്ഷികളുമാണ് കേസില് ഉള്ളത്. സഹല് ഹംസയാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് കുറ്റപത്രം. എന്നാല്‍, ഈ കേസിലെ പ്രധാന പ്രതിയെ അടക്കം ഇനിയും പിടികൂടാനുണ്ട്.