‘നാലര വയസുകാരന്‍റെ കൈ എത്താത്തിടത്തും പൊള്ളൽ, രണ്ടാനമ്മയും അച്ഛനും മുമ്പും തല്ലി’; ഷെഫീഖ് വധശ്രമം, വിധി നാളെ
തൊടുപുഴ: ഇടുക്കിയിൽ നാടിനെ നടുക്കിയ ഷെഫീഖ് വധശ്രമ കേസില്‍ തൊടുപുഴ ഒന്നാം അഡീഷ്ണല്‍ കോടതി ചൊവ്വാഴ്ച വിധി പറയും. ഡിസംബര്‍ ആദ്യവാരമായിരുന്നു അന്തിമവാദം പൂര്‍ത്തിയാക്കിയത്. 2013 ജൂലൈയിലാണ് നാലര വയസ്സുകാരന്‍ ഷെഫീഖ് അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര മര്‍ദനത്തിന് ഇരയായത്. അച്ഛനും രണ്ടാനമ്മയുമാണ് കേസിലെ പ്രതികള്‍. ഇരുവര്‍ക്കും മറ്റ് മക്കളുണ്ടെന്നും അത് പരിഗണിക്കണമെന്നും പ്രതിഭാഗം വാദിച്ചു.
എന്നാല്‍ യാതൊരുവിധ ദയയും അര്‍ഹിക്കാത്ത കുറ്റമാണ് പ്രതികള്‍ ചെയ്തതെന്നും മരണത്തിനുമപ്പുറുമുള്ള അവസ്ഥയിലേക്ക് കുട്ടിയെ എത്തിച്ചെന്നും പ്രൊസിക്യൂഷന്‍ അറിയിച്ചു. ക്രൂരമായ മർദനത്തിനിരയായ കുട്ടിക്ക് നടക്കാൻ കഴിയില്ല. ബുദ്ധിവികാസത്തിനും പ്രശ്നമുണ്ട്. ആരാണെന്നുപോലും അറിയാതെയാണ് കുട്ടിയുടെ ഇപ്പോഴത്തെ ജീവിതം. കേസിലേക്ക് നയിച്ച ക്രൂരതയ്ക്ക് മുമ്പും ഇരുവരും കുട്ടിയെ ഉപദ്രവിക്കുമായിരുന്നു എന്ന് രണ്ടാം പ്രതിയുടെ അമ്മയുടെ മൊഴിയുണ്ട്. കേസില്‍ മെഡിക്കല്‍ തെളിവാണ് ഏറ്റവും പ്രധാനമായത്.
കുട്ടിക്ക് അപസ്മാരം ഉണ്ട്, കട്ടിലില്‍ നിന്ന് തനിയെ വീണതാണ്, അപ്പോഴുണ്ടായ പരിക്കുകളാണിത്, ശരീരത്തെ പൊള്ളലുകള്‍ സ്വയം ഉണ്ടാക്കിയതാണ് തുടങ്ങിയ വാദങ്ങളും പ്രതിഭാഗം ഉന്നയിച്ചു. എന്നാല്‍ അവസാനമായി ഷെഫീഖിനെ ചികിത്സിച്ച ഡോക്ടറുടെ വിശദമായ റിപ്പോര്‍ട്ട് ഇതിനെയെല്ലാം ഖണ്ഡിക്കുന്നു. അറിയാതെ ഇത്തരം മുറിവുകള്‍ സംഭവിക്കില്ല. കുട്ടിക്ക് കൈ എത്താത്തയിടങ്ങളില്‍ പോലും പൊള്ളലുണ്ടെന്നാണ് സൂചന.
2021ലാണ് കേസില്‍ വിചാരണ തുടങ്ങിയത്. കഴിഞ്ഞ ആഗസ്തില്‍ വിചാരണ പൂര്‍ത്തിയായിരുന്നു. സംഭവത്തിന് ശേഷം ഷെഫീഖ് വര്‍ഷങ്ങളായി അല്‍- അസ്ഹര്‍ മെഡിക്കല്‍ കോളേജിന്റെ സംരക്ഷണയിലാണുള്ളത്. രാഗിണി എന്ന ആയയാണ് പരിചരിക്കുന്നത്. ആഗസ്തില്‍ ജഡ്ജി ആഷ് കെ. ബാല്‍ ഷെഫീഖിനെ ആശുപത്രിയില്‍ നേരിട്ടെത്തി കണ്ടിരുന്നു.