സിപിഒ വിനീതിന്റെ ആത്മഹത്യ: ‘ചിലർ ചതിച്ചു’; മേലുദ്യോഗസ്ഥരുടെ പീഡനമെന്നും സന്ദേശം, ആത്മഹത്യക്കുറിപ്പ് പുറത്ത്
മലപ്പുറം: അരീക്കോട് സായുധ പൊലീസ് ക്യാംപിൽ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ തണ്ടർബോൾട്ട് കമാൻഡോ ഉദ്യോഗസ്ഥൻ വിനീതിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. മേലുദ്യോഗസ്ഥരുടെ പീഡനം സൂചിപ്പിക്കുന്നതാണ് കുറിപ്പ്. ചിലർ തന്നെ ചതിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. മലപ്പുറം അരീക്കോട് സായുധ പൊലീസ് ക്യാംപിലെ സിപിഒ ആയ വിനീത് ഇന്നലെ രാത്രിയാണ് ജീവനൊടുക്കിയത്. രണ്ട് സുഹൃത്തുക്കളുടെയും ഒരു ഉന്നത ഉദ്യോഗസ്ഥൻ്റെയും പേരുകൾ കുറിപ്പിലുണ്ട്.
വിനീത് പോലീസ് ഡിപ്പാർട്ട്മെന്റിലെ പീഡനത്തിന്റെ ഇരയാണെന്ന് ടി സിദ്ധിഖ് എംഎൽഎ ആരോപിച്ചു. റിഫ്രഷ്മെന്റ് കോഴ്സ് പരാജയപ്പെട്ടതിനെ തുടർന്ന് മാനസിക പീഡനം നേരിടേണ്ടി വന്നു. മനുഷ്യത്വരഹിതമായാണ് ഉന്നത ഉദ്യോഗസ്ഥർ പെരുമാറിയതെന്ന് ചൂണ്ടിക്കാട്ടിയ സിദ്ധിഖ് മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. പോലീസുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടു. ഗർഭിണിയായ ഭാര്യയെ പരിചരിക്കാൻ പോലും അവധി അനുവദിച്ചില്ല. ഡിപ്പാർട്ട്മെന്റിൽ നിന്ന് വിനീത് നേരിട്ട് പീഡനങ്ങളെ കുറിച്ചുള്ള സന്ദേശങ്ങൾ ബന്ധുക്കളുടെ പക്കൽ ഉണ്ടെന്നും ടി സിദ്ധിഖ് പറഞ്ഞു. മലപ്പുറം എസ്ഒജി ക്യാമ്പിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തുെമെന്നും അദ്ദേഹം അറിയിച്ചു.