വി.ജെ ജോഷിതക്ക് ഇരട്ടിമധുരം; ഇന്ത്യന്‍ ടീമിന് പിന്നാലെ വനിത പ്രീമിയര്‍ ലീഗിലും താരം കളിക്കും, വിളിച്ചെടുത്തത് ആര്‍സിബി
അണ്ടര്‍ 19 ദേശീയ ടീമിലേക്ക് ഇടം ലഭിച്ചതിന് പിന്നാലെ മലയാളി വനിത ക്രിക്കറ്റര്‍ വി.ജെ.ജോഷിതയെ സ്വന്തമാക്കി വനിത പ്രീമിയര്‍ ലീഗ് ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളുരു. മലേഷ്യയില്‍ നടക്കുന്ന ഏഷ്യാകപ്പ് മത്സരത്തിനുള്ള അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ കഴിഞ്ഞ ദിവസമാണ് ജോഷിത ഇടംനേടിയത്. ഈ സന്തോഷത്തില്‍ നില്‍ക്കുമ്പോഴാണ് ആര്‍സിബിയുടെ വിളിയെത്തുന്നത്. അടിസ്ഥാന വിലയായ പത്ത് ലക്ഷം രൂപയ്ക്കാണ് ആര്‍സിബി ജോഷിതയെ ടീമിലെത്തിച്ചത്.ബംഗളുരുവിലാണ് വനിത പ്രീമിയര്‍ ലീഗിന്റെ മിനി ലേലം നടന്നത്. ഗുജറാത്ത് ജയന്റ്‌സ് സ്വന്തമാക്കിയ സിമ്രാന്‍ ഷെയ്ഖാണ് ലേലത്തില്‍ ഏറ്റവും വിലപിടിപ്പുള്ള താരമായത്. 1.90 കോടി രൂപക്കാണ് സിമ്രാനെ ഗുജറാത്ത് സ്വന്തമാക്കിയത്. മറ്റൊരു വിലപ്പിടിപ്പുള്ള താരം വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ദിയാന്ദ്ര ഡോട്ട് ആണ്. 1.7 കോടി രൂപക്ക് ഗുജറാത്ത് ജയന്റ്സ് തന്നെയാണ് ഇവരെയും സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സിലെത്തിയ പതിനാറുകാരിയായ തമിഴ്‌നാട്ടില്‍ നിന്നുള്ള ജി. കമലിനിയെ 1.6 കോടി രൂപക്കാണ് ക്ലബ് വിളിച്ചെടുത്തത്. ജോഷിത ഇടംപിടിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവില്‍ 1.2 കോടി രൂപക്ക് പ്രേമ റാവത്തിനെയും എത്തിച്ചിട്ടുണ്ട്. ജോഷിത കൂടി പ്രൊഫഷനല്‍ ക്രിക്കറ്റില്‍ തന്റേതായ ഇടം കണ്ടെത്തിയതോടെ മിന്നുമണിക്കും സജന സജീവനും സി.എം.സി. നജ്‌ലയ്ക്കും പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഖ്യാതി കൂടി ഉയരുകയാണ്. അസോസിയേഷന് കീഴിലുള്ള കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയില്‍നിന്നാണ് ഇത്രയും താരങ്ങള്‍ കുറഞ്ഞ കാലയളവിനുള്ളില്‍ പ്രധാന ടൂര്‍ണമെന്റുകളിലേക്കും ദേശീയ ടീമിലേക്കും എത്തുന്നത്.