ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രതികരിച്ച് എം എസ് സൊല്യൂഷൻസ്; ‘അന്വേഷണവുമായി സഹകരിക്കും’
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ വിശദീകരണവുമായി എം എസ് സൊല്യൂഷൻസ് യൂ ട്യൂബ് ചാനൽ അധികൃതർ രംഗത്ത്. കേസ് അന്വേഷണവുമായി സഹകരിക്കുമെന്ന് എം എസ് സൊല്യൂഷൻസ് സി ഇ ഒ കൊടുവള്ളി സ്വദേശിയായ ഷുഹൈബ് വ്യക്തമാക്കി. ആരോപണങ്ങൾക്ക് പിന്നിൽ മറ്റ് ലേണിങ് പ്ലാറ്റ്ഫോമുകളാണെന്നും തന്‍റെ യൂ ട്യൂബ് ചാനലിന്‍റെ വിശ്വാസ്യതതകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് യൂ ട്യൂബ് ചാനലിലൂടെ, സി ഇ ഒ നൽകിയിരിക്കുന്ന വിശദീകരണം.
അതേസമയം ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പൊതുവിദ്യാഭ്യാസവകുപ്പ്, ഡി ജി പിക്ക് പരാതി നൽകിയിട്ടുണ്ട്. പരീക്ഷാ തലേന്ന് തന്നെ ചോദ്യം ചോർത്തിയെന്ന് അവകാശപ്പെട്ടാണ് യൂ ട്യൂബ് ചാനലുകൾ പ്രഡിക്ഷൻ എന്ന നിലക്ക് ചോദ്യങ്ങൾ പുറത്തുവിട്ടത്. ക്രിസ്മസ് പരീക്ഷ ചോദ്യങ്ങളുമായി 90 ശതമാനത്തിലേറെ സാമ്യമുള്ളതാണ് എം എസ് സൊല്യൂഷൻസ്, എഡ്യുപോർട്ട് അടക്കമുള്ള യൂ ട്യൂബ് ചാനലുകളിലെ ചോദ്യങ്ങൾ. ഇതോടെയാണ് ചോദ്യപേപ്പർ ചോർച്ചയെന്ന പരാതി മുറുകിയത്. ചോദ്യപേപ്പർ തയ്യാറാക്കുന്ന അധ്യാപകരിലേക്കും ട്യൂഷൻ സെൻററുകളിൽ ഇപ്പോഴും ക്ലാസെടുക്കുന്ന അധ്യാപകരിലേക്കുമാണ് സംശയം നീളുന്നത്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡി ജി പിക്ക് പരാതി നൽകിയത്.