ദീപാവലി ദിനത്തിൽ ഇരട്ടക്കൊല; വല വിരിച്ച് പൊലീസ്, ഏറ്റുമുട്ടലിൽ പ്രതി കൊല്ലപ്പെട്ടു, സംഭവം ദില്ലിയിൽ
ദില്ലി: ദീപാവലി ദിനത്തിൽ ദില്ലിയിൽ നടന്ന ഇരട്ടക്കൊല കേസിലെ പ്രതി പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സോനു മട്ക എന്ന അനിൽ ആണ് കൊല്ലപ്പെട്ടത്. ദില്ലി പൊലീസും യുപി പൊലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. പൊലീസ് ഏറെ നാളായി തിരഞ്ഞിരുന്ന സോനു മട്കയെ മുൻകൂട്ടി പദ്ധതിയിട്ട പ്രകാരം വളയുകയായിരുന്നു. തുടർന്ന് നടന്ന വെടിവെയ്പ്പിൽ സോനു മട്കയ്ക്ക് പരിക്കേറ്റു. അറസ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ചെങ്കിലും പ്രതി മരിച്ചു. ഹാഷിം ബാബ സംഘത്തിലെ കുപ്രസിദ്ധ ഷൂട്ടറായിരുന്നു സോനു മട്ക. ഇയാൾക്കെതിരെ യുപിയിലും ദില്ലിയിലുമായി കവർച്ച, കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബന്ധുവിനോട് പ്രതികാരം ചെയ്യണം എന്ന ആവശ്യവുമായി പ്രായപൂർത്തിയാകാത്ത വ്യക്തി സോനു മട്കയെ സമീപിച്ചിരുന്നു. ഇയാളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ദീപാവലി ദിവസം രാത്രി ഇരുവരും ചേർന്ന് 40കാരനായ ആകാശ് ശർമ്മയുടെ വീട്ടിലെത്തി. ഈ സമയത്ത് ആകാശ് ശർമ്മയും മകനും അനന്തരവനും ചേർന്ന് പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിക്കുകയായിരുന്നു. വൈകാതെ തന്നെ സോനു മട്ക ആകാശ് ശർമ്മയെ വെടിവെച്ച് കൊലപ്പെടുത്തി. വെടിവെയ്പ്പിൽ അനന്തരവനും കൊല്ലപ്പെടുകയും 13 വയസ്സുള്ള മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പണത്തിൻ്റെ പേരിൽ തന്നെ അപമാനിച്ചതിന് പ്രതികാരം ചെയ്യുകയായിരുന്നുവെന്ന് പ്രായപൂർത്തിയാകാത്ത പ്രതി പിന്നീട് പൊലീസിനോട് പറഞ്ഞു.