Uncategorized

ക്ഷേത്രത്തിന് സമീപം യുവതിയെ 8 പേർ ചേർന്ന് കൂട്ടബലാത്സം​ഗം ചെയ്തു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; സംഭവം ഗുവാഹത്തിയിൽ

​ഗുവാഹത്തി: അസമിൽ യുവതിയെ എട്ട് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ബോറഗാവിലെ നിജരപർ പ്രദേശത്തെ ഒരു ദുർഗ്ഗാ ക്ഷേത്രത്തിന് സമീപമാണ് കുറ്റകൃത്യം നടന്നതെന്നാണ് റിപ്പോർട്ട്. നവംബർ 17ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ വാട്സ്ആപ്പിൽ പ്രചരിച്ചതോടെയാണ് ഇക്കാര്യം പുറത്ത് അറിയുന്നത്. പ്രതികൾ കുറ്റകൃത്യം ചെയ്യുക മാത്രമല്ല, അതിന്റെ ദൃശ്യങ്ങൾ വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്ന് പൊലീസ് അറിയിച്ചു.

ഡിസംബർ 12 വ്യാഴാഴ്ചയാണ് കൂട്ടബലാത്സം​ഗത്തിന്റെ വീഡിയോ വാട്‌സ്ആപ്പിൽ പ്രചരിച്ചത്. ഇതേ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിസംബർ 13 വെള്ളിയാഴ്ച പുലർച്ചെയോടെ എട്ട് പ്രതികളിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗഖിർചൗക്കിൽ താമസിക്കുന്ന കുൽദീപ് നാഥ് (23), ശിവ് നഗർ പാത്തിൽ താമസിക്കുന്ന ബിജോയ് രാഭ (22), നിസാരപാർ സ്വദേശികളായ പിങ്കു ദാസ് (18), ഗഗൻ ദാസ് (21), ബകുൽ നഗർ സ്വദേശി സൗരവ് ബോറോ (20), പാച്ചിം സ്വദേശി മൃണാൾ രഭ (19), പദുംബരി സ്വദേശി ദിപങ്കർ മുഖിയ (21) എന്നിവരാണ് അറസ്റ്റിലായത്.

അവശേഷിക്കുന്ന പ്രതിയെ പിടികൂടാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇരയായ യുവതി ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button