Uncategorized
ഹൈറേഞ്ചിലെങ്ങും കനത്ത മഴ; വീടുകളിലും വ്യാപര സ്ഥാപനങ്ങളിലും വെള്ളം കയറി, പലയിടങ്ങളിലും ഗതാഗതക്കുരുക്ക്
ഇടുക്കി: കേരള – തമിഴ്‌നാട് അതിര്‍ത്തി മേഖലകളിലുള്‍പ്പടെ ഉടുമ്പന്‍ചോല താലൂക്കില്‍ കനത്ത മഴയും കാറ്റും. വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ ശമനമില്ലാതെ വെള്ളിയാഴ്ചയും തുടര്‍ന്നു. പട്ടംകോളനി മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലും രാമക്കല്‍മേട് ബംഗ്ലാദേശ് കോളനിയിലും വീടുകളിലും കൃഷിസ്ഥലങ്ങളിലും വെള്ളം കയറി. കല്ലാര്‍ പുഴ കരകവിഞ്ഞതിനെത്തുടര്‍ന്ന് ഇന്നലെ വൈകുന്നേരം നാലോടെ കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.
ഏറ്റവും കൂടുതല്‍ മഴ പെയ്തത് പട്ടംകോളനി മേഖലയിലാണ്. ചെറു അരുവികളും പുഴകളും കരകവിഞ്ഞതോടെ ഗ്രാമീണ റോഡുകളും പാലങ്ങളും വെള്ളത്തിലായി. തോരാതെ പെയ്യുന്ന മഴയില്‍ റോഡിന്റെ വശങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടാകുന്നുണ്ട്. ശബരിമല സീസണ്‍ ആയതിനാല്‍ കുമളി ടൗണ്‍ മുതല്‍ ലോവര്‍ ക്യാമ്പ് വരെ വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്.