കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; കണ്ടെത്തിയത് ജില്ലയിലെ 2 പഞ്ചായത്തുകളിലെ പന്നിഫാമുകളിൽ
കോട്ടയം: കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലെ പന്നിഫാമുകളിൽ ആണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശമായി കണക്കാക്കും. അതുപോലെ തന്നെ 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും കണക്കാക്കും. പന്നികളിൽ മാത്രമാണ് രോഗം കണ്ടുവരുന്നത്. മറ്റു മൃഗങ്ങളിലേക്ക് മനുഷ്യരിലേക്കോ രോഗം പകരില്ല.
ഈ രോഗത്തിന് മരുന്നോ വാക്സിനോ ഇല്ലാത്തതിനാൽ രോഗം പിടിപെട്ട പന്നികൾ കൂട്ടത്തോടെ ചത്തുപോകുകയാണ് ചെയ്യുക.
എന്താണ് ആഫ്രിക്കൻ പന്നിപ്പനി?
പന്നികളെ ബാധിക്കുന്ന വളരെയധികം ഗൗരവമുള്ള വൈറല്‍ അണുബാധയാണ് ആഫ്രിക്കൻ പന്നിപ്പനി. 1900കളില്‍ ഈസ്റ്റ് ആഫ്രിക്കയിലാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിക്കുന്നത്. രോഗബാധയുണ്ടായാല്‍ പന്നികളില്‍ മരണനിരക്ക് കൂടുതലാകുന്ന- അത്രയും ഗൗരവമുള്ള രോഗം. ലക്ഷണങ്ങള്‍ കൊണ്ട് ഏറെക്കുറെ ഒരുപോലെ ആണെങ്കിലും പന്നിപ്പനിയും ആഫ്രിക്കൻ പന്നിപ്പനിയുമുണ്ടാക്കുന്നത് രണ്ട് തരം വൈറസുകളാണ്. രണ്ടും ഗൗരവമുള്ള രോഗം തന്നെ.