Uncategorized

ഗർഭിണിയുടെ കാർ സോഫ്റ്റ്‍വെയർ അപ്ഡേറ്റായി; പിന്നാലെ വണ്ടി ഓഫായി, ഒടുവിൽ നടന്ന് ആശുപത്രിയിലേക്ക്

സൌകര്യങ്ങള്‍ കൂട്ടാനാണ് മനുഷ്യന്‍ സാങ്കേതിക വിദ്യയെ കൂട്ട് പിടിക്കുന്നത്. എന്നാല്‍ ചില അടിയന്തര സന്ദര്‍ഭങ്ങളില്‍ ഈ സാങ്കേതിക തിരിച്ചടിക്കും. അത്തരമൊരു വേദനാജനകമായ അനുഭവമാണ് ഇത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറിന്‍റെ സാങ്കേതിക സംവിധാനത്തിലുണ്ടായ അപ്ഡേഷനെ തുടര്‍ന്ന് ഗര്‍ഭിണിയ്ക്ക് ആശുപത്രിയിലേക്ക് നടന്ന് പോകേണ്ടിവന്നു. ഡിസംബര്‍ 5 -ാം തിയതി ഷാന്‍ഡോഗ് പ്രവിഷ്യയിലാണ് സംഭവമെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന്‍റെ വീഡിയോ ചൈനീസ് സമൂഹ മാധ്യമമായ ഡൗയിനിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.

3,00,000 യുവാൻ (ഏതാണ്ട് 34,95,795 രൂപ) വിലമതിക്കുന്ന ലി ഓട്ടോ എസ് യുവി ഒടിഎയ്ക്കാണ് അപ്ഡേറ്റ് ആവശ്യപ്പെട്ട് മെസേജ് എത്തിയത്. ഈ സമയം ഭാര്യ കടുത്ത പ്രസവവേദനയിലാണെന്ന് ഭര്‍ത്താവ് കമ്പനിയുമായി സംസാരിച്ചെങ്കിലും വാഹനം ഓട്ടോ മാറ്റിക്കായി അപ്ഡേഷന്‍ ആരംഭിച്ചു. അപ്ഡേഷന്‍ തുടങ്ങിയതിന് പിന്നാലെ വാഹനം ഓഫായി. പിന്നീട് അതിന് ശ്രമിച്ചിട്ടും വാഹനം അനങ്ങിയില്ല. ഇതിനിടെ അപ്ഡേഷന്‍ പൂര്‍ത്തിയാക്കാന്‍ ഏതാണ്ട് 51 മിനിറ്റോളം വേണ്ടിവരുമെന്ന് സന്ദേശം വന്നതിന് പിന്നാലെയാണ് യുവതി ആശുപത്രിയിലേക്ക് നടക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആശുപത്രിയിലെത്തിയ യുവതിയെ ഉടന്‍ തന്നെ സിസേറിയന്‍ വിധേയമാക്കി. അമ്മയുടെ കുഞ്ഞും സുഖമായിരിക്കുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാഹനത്തിന്‍റെ അപ്ഡേറ്റ് നിര്‍ത്തിവയ്ക്കാനോ അല്പനേരത്തേക്ക് മാറ്റാനോ ലീ ഓട്ടോയുടെ ഉപഭോക്തൃ സേവനത്തെ സമീപിച്ചെങ്കിലും അപ്ഡേഷന്‍ നിര്‍ത്തിവയ്ക്കാന്‍ പറ്റില്ലെന്നായിരുന്നു അറിയിച്ചത്. കാര്‍ പാതിവഴിയില്‍ വച്ച് ഓഫായതിനാല്‍ റോഡില്‍ രൂക്ഷമായ ഗതാഗത തടസം സൃഷ്ടിക്കുകയും ഇതോടെ ആംബുലന്‍സിന് ഇവരുടെ സമീപത്തേക്ക് എത്താന്‍ പറ്റിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപ്രതീക്ഷിതമായ സംഭവങ്ങള്‍ ഗര്‍ഭസ്ഥ ശിശുവിന്‍റെ ഹൃദയമിടിപ്പ് കൂട്ടാന്‍ കാരണമായെന്ന് ഭര്‍ത്താവ് ആരോപിച്ചു. ഇതോടെയാണ് സിസേറിയന്‍ തെരഞ്ഞെടുക്കേണ്ടിവന്നതെന്നും അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ അടിയന്തര സമയങ്ങളില്‍ അപ്ഡേഷന്‍ മാറ്റിവയ്ക്കാന്‍ കഴിയാത്തതിന് കാർ കമ്പനിക്ക് നേരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമർശനം ഉയര്‍ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button