ആർ ജി കർ മെഡിക്കൽ കോളേജിലെ ക്രൂര കൊലപാതകം, ഇരയുടെ അഭിഭാഷകർ കേസിൽ നിന്ന് പിന്മാറി
കൊൽക്കത്ത: കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജിൽ ട്രെയിനി ഡോക്ടർ ക്രൂരപീഡനത്തിനിരയായ കൊല്ലപ്പെട്ട കേസിൽ നിന്ന് പിന്മാറി മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ. വിചാരണ കോടതിയിലും കൊൽക്കത്ത ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഇരയായ പെൺകുട്ടിയുടെ കുടുംബത്തെ പ്രതിനിധീകരിക്കുന്നതിൽ നിന്നാണ് വൃന്ദ ഗ്രോവർ അടക്കമുള്ള അഭിഭാഷകർ പിന്മാറിയത്. വ്യാഴാഴ്ചയാണ് വിചാരണക്കോടതി ഇക്കാര്യം വിശദമാക്കിയത്. സൌതീക് ബാനർജി, അർജുൻ ഗൂപ്ത് അടക്കമുള്ള അഭിഭാഷക സംഘമാണ് ഇരയായ പെൺകുട്ടിയെ പ്രതിനിധീകരിക്കുന്നതിൽ നിന്ന് പിന്മാറിയിട്ടുള്ളത്.
ഇടപെടുന്ന ചില ഘടകങ്ങളും സാഹചര്യങ്ങളും കണക്കിലെടുത്താണ് പിന്മാറ്റമെന്നാണ് അഭിഭാഷക സംഘം വിശദമാക്കിയത്. 2024 സെപ്തംബർ മുതൽ ഇരയായ പെൺകുട്ടിയുടെ കുടുംബത്തെ പ്രതിഫലം പോലും വാങ്ങാതെയാണ് പ്രതിനിധീകരിച്ചതെന്നാണ് വൃന്ദ ഗ്രോവറുടെ ചേംബർ വിശദമാക്കുന്നത്. സീൽദാ സെഷൻസ് കോടതിയിലും എജിഎം കോടതിയിലും ഇത്തരത്തിൽ തന്നെയാണ് ഹാജരായത്. പ്രോസിക്യൂഷന്റെ 43 സാക്ഷികളേയും എതിർഭാഗത്തിന്റെ ജാമ്യാപേക്ഷ അടക്കമുള്ള എതിർക്കുന്നതിലും വിജയിച്ചിരുന്നുവെന്നും വൃന്ദ ഗ്രോവറുടെ ചേംബർ വ്യാഴാഴ്ച വിശദമാക്കി.
2024 ഓഗസ്റ്റ് 9ലാണ് ആർ ജി കഡ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ സെമിനാർ ഹോളിലാണ് ക്രൂരമായി പീഡനത്തിന് ഇരയായി ട്രെയിനി ഡോക്ടറെ കണ്ടെത്തിയത്. പോസ്റ്റ് മോർട്ടത്തിൽ ട്രെയിനി ഡോക്ടർ നേരിടേണ്ടി വന്ന ക്രൂര പീഡനം വിശദമായിരുന്നു. സംഭവത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നതിന് പിന്നാലെ കൊൽക്കത്ത ഹൈക്കോടതി കേസ് അന്വേഷണം സിബിഐയ്ക്ക് നൽകിയിരുന്നു. അതേസമയം കേസിൻ്റെ വിചാരണ ഒരു മാസത്തിനകം പൂർത്തിയാകുമെന്നാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചിട്ടുള്ളത് .