Uncategorized

നവീൻ ബാബുവിൻ്റെ മരണം; കണ്ണൂരിൽ ഓൺലൈൻ പേജിനെതിരെ കേസ്, കേസെടുത്തത് കലാപാഹ്വാനത്തിന്

കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണം നടത്തിയെന്ന പരാതിയിൽ കണ്ണൂരിൽ ഓൺലൈൻ പേജിനെതിരെ കേസെടുത്ത് പൊലീസ്. ന്യൂസ്‌ ഓഫ് മലയാളം എന്ന പേജിനെതിരെയാണ് കേസെടുത്തത്. കണ്ണൂർ ടൗൺ എസ് ഐ ആണ് ഇൻക്വസ്റ്റ് റിപ്പോർട്ടിനെ കുറിച്ചുള്ള പ്രചാരണത്തിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഓൺലൈനിനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കുകയായിരുന്നു.

അതേസമയം, നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജിയിൽ നിർണായക വാദങ്ങളാണ് ഹൈക്കോടതിയിൽ നടക്കുന്നത്. നവീൻ ബാബു തൂങ്ങിമരിച്ചതാണെന്ന് വിശ്വസിക്കാനാകില്ലെന്ന് ഹർജിക്കാരിയായ ഭാര്യ മഞ്ജുഷ കോടതിയിൽ വാദിച്ചു. നവീൻ ബാബുവിനെ കൊന്നശേഷം കെട്ടിതൂക്കിയതെന്ന് സംശയിക്കുന്നതായി ഹർജിക്കാരി കോടതിയെ അറിയിച്ചു.”55 കിലോഗ്രാം ഭാരമുള്ള നവീൻ ബാബു ചെറിയ കനമുള്ള കയറിൽ തൂങ്ങിമരിച്ചുവെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകില്ല. പോസ്റ്റ് മോർട്ടം ശരിയായ വിധത്തിൽ നടന്നിട്ടില്ല. പോസ്റ്റുമോർട്ടത്തിൽ പല പ്രധാന വിവരങ്ങളും വിട്ടു കളഞ്ഞു”. അടിവസ്ത്രത്തിലെ രക്തക്കറയിലും ഉമിനീർ ഒലിച്ച് ഇറങ്ങിയതിലും അന്വേഷണമുണ്ടായില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.

തനിക്ക് തെറ്റുപറ്റി പോയി എന്ന് നവീൻ ബാബു പറഞ്ഞതായുളള കളക്ടറുടെ മൊഴി പിന്നീട് സൃഷ്ടിച്ചതാണെന്നും ഹർജിക്കാരി ആരോപിച്ചു. കളക്ടറുടെ ചേംബറിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടില്ലെന്ന് ഹർജിക്കാരി ചൂണ്ടിക്കാട്ടി. ഇതു പരിശോധിച്ചാൽ തന്നെ നവീൻ ബാബു കളക്ടറെ ഈ യോഗത്തിനുശേഷം കളക്ടറെ പോയി കണ്ടോ എന്ന് വ്യക്തമാകുമായിരുന്നു.

‘ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന എടിഎമ്മിന്റെ മരണത്തിലാണ് കുടുംബം സംശയം പ്രകടിപ്പിക്കുന്നത്. ഇപ്പോഴും തെളിവുകൾ കെട്ടിച്ചമയ്ക്കുന്നു. അതുകൊണ്ടുതന്നെ കുടുംബത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ കേസ് സിബിഐക്ക് വിടണം. പ്രതിയുടെ രാഷ്ട്രീയ സ്വാധീനവും നവീൻ ബാബുവിനെ കുടുംബത്തിന്റെ ആശങ്കയും കോടതി പരിഗണിക്കണം. കേരളാ പൊലീസിനെ വില കുറച്ച് കാണുന്നില്ല. പക്ഷേ രാഷ്ട്രീയ സമ്മർദമൊഴിച്ചാൽ കേരള പൊലീസിനെ കുറിച്ച് മോശം അഭിപ്രായമില്ല. സിബിഐ യ്ക്ക് മികച്ച രീതിയിൽ അന്വേഷിക്കാൻ സംവിധാനമുണ്ടെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടി.

നിലവിലെ അന്വേഷണം പ്രതിയെ സഹായിക്കുകയാണ് എന്നതിന് എന്ത് തെളിവാണ് ഹർജിക്കാരിക്ക് ഹാജരാക്കാനുള്ളതെന്ന് കോടതി ചോദിച്ചു. കുടുംബം ഉന്നയിച്ച കൊലപാതക സാധ്യത അടക്കം പരിശോധിക്കുന്നുണ്ടെന്നും സിബിഐ അന്വേഷണം വേണ്ടെന്നുമാണ് സംസ്ഥാന സർക്കാർ നിലപാട്. കോടതി പറഞ്ഞാൽ കേസ് എറ്റെടുക്കാൻ തയാറാണെന്ന് സിബിഐയും അറിയിച്ചിരുന്നു. സിബിഐ ഏറ്റെടുക്കുന്നോ ഇല്ലയോ എന്നതല്ല, സിബിഐയക്ക് കൈമാറേണ്ട കാര്യമുണ്ടോ എന്നാണ് പരിശോധിക്കുന്നതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ജസറ്റീസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button