Uncategorized

ഒരാഴ്ചയ്ക്കിടെ 3 മക്കൾ മരിച്ചു, ഭർത്താവിന്‍റെ മരണത്തിലും ദുരൂഹത; വിഷം നൽകിയതെന്ന് പരാതി, യുവതിക്കെതിരെ കേസ്

മീററ്റ്: ഒരാഴ്ചക്കിടെ മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ കുട്ടികളുടെ അമ്മയ്ക്കെതിരെ കേസെടുത്തു. 35കാരി ഹിന കുഞ്ഞുങ്ങളെ വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് കുട്ടികളുടെ അച്ഛമ്മ നൽകിയ പരാതിയെ തുടർന്നാണ് കേസ്. അതോടൊപ്പം ഹിനയുടെ സഹോദരനും ആണ്‍ സുഹൃത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്.

ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിലെ മവാന ഖുർദ് ഗ്രാമത്തിൽ ഇ-റിക്ഷ ഉടമയായ ഇർഷാദ് അസദും ഹിനയും 2014ലാണ് വിവാഹിതരായത്. ഇവർക്ക് അഞ്ച് കുട്ടികളുണ്ട്. 2022ൽ അസദ് സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചെന്ന് അസദിന്‍റെ അമ്മ മെഹ്‌റുന്നിസ്സ പറഞ്ഞു. തുടർന്ന് ഹിന കുഞ്ഞുങ്ങൾക്കൊപ്പം സ്വന്തം വീട്ടിലേക്ക് പോയി. പിന്നീട് ഷറഫത്ത് എന്നയാൾക്കൊപ്പം താമസിക്കാൻ തുടങ്ങിയെന്നും മെഹ്‌റുന്നിസ്സ പറഞ്ഞു.

ഹിനയുടെ നാല് വയസ്സുകാരൻ മകൻ സമദ് ഡിസംബർ നാലിനാണ് മരിച്ചത്. അഞ്ച് വയസ്സുകാരൻ സുഭാൻ ഡിസംബർ ഏഴിനും ആറ് വയസ്സുള്ള അബ്ദുൾ ഡിസംബർ 10നും മരിച്ചു. തന്‍റെ മകൻ അസദും കൊച്ചുമക്കളും മരിച്ചത് സമാന സാഹചര്യത്തിലാണെന്ന് മെഹ്‌റുന്നിസ പറയുന്നു. അസദിനെ ഹിന വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ടായിരുന്നു. എന്നാൽ തെളിവില്ലാതിരുന്നതിനാലാണ് അന്ന് പരാതി നൽകാതിരുന്നതെന്ന് മെഹ്‌റുന്നിസ വിശദീകരിച്ചു. കുട്ടികളും കൂടി മരിച്ചതോടെയാണ് പൊലീസിൽ പരാതി നൽകിയത്. അസദിന്‍റെ മൃതദേഹവും പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തണമെന്ന് മെഹ്റുന്നീസ ആവശ്യപ്പെട്ടു.

ശേഷിക്കുന്ന രണ്ട് കുട്ടികളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് മെഹ്‌റുന്നിസ പറഞ്ഞു. അസദിന്‍റെ മാതാപിതാക്കളുടെ പരാതി പ്രകാരം മവാന പൊലീസ് ഹിനയ്ക്കും സഹോദരൻ ഫിറോസിനും ആണ്‍സുഹൃത്ത് ഷറഫത്തിനുമെതിരെ ബിഎൻഎസ് സെക്ഷൻ 103 (കൊലപാതകം) പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. കുട്ടികൾ അബദ്ധത്തിൽ വിഷക്കായ കഴിച്ചതാണ് മരണ കാരണമെന്നാണ് ഹിനയുടെ സഹോദരന്‍റെ മൊഴി.

കൊലപാതകത്തിന് കൃത്യമായ തെളിവില്ലാത്തതിനാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മവാന സ്റ്റേഷൻ ഓഫീസർ രാജേഷ് കാംബോജ് പറഞ്ഞു. ഫോറൻസിക് ലാബിലെ ശാസ്ത്രീയ പരിശോധനയിൽ വിഷം കലർന്നതായി തെളിഞ്ഞാൽ തുടർ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button