പൊന്നാനിയിൽ 350 പവൻ സ്വർണം കവർന്ന കേസ്; ഓവർ കോൺഫിഡൻസിൽ നാട്ടിൽ വിലസി പ്രതി, പിടിയിലായത് ഇങ്ങനെ
മലപ്പുറം: പൊന്നാനിയിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 350 പവൻ സ്വർണാഭരണങ്ങളും വിദേശമദ്യക്കുപ്പികളുമടക്കം കവർന്ന കേസിൽ മൂന്ന് പ്രതികളെയും പിടികൂടിയത് പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെ. സംഭവത്തിൽ പ്രതികളായ തൃശൂർ വാടാനപ്പള്ളി സ്വദേശിയും പൊന്നാനിയിൽ താമസക്കാരനുമായ രായർമരക്കാർ വീട്ടിൽ സുഹൈൽ (46), പൊന്നാനി കടവനാട് മുക്കിരിയം കറുപ്പം വീട്ടിൽ അബ്ദുൽ നാസർ (45), പാലക്കാട് കാവശ്ശേരി സ്വദേശി പാലത്തൊടി മനോജ് (41) എന്നിവരെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൈലാണ് ഒന്നാം പ്രതി. പൊന്നാനി ഐശ്വര്യ തീയറ്ററിന് സമീപത്തെ മണൽതറയിൽ രാജീവിന്റെ വീട്ടിൽ നടന്ന കവർച്ച കഴിഞ്ഞ ഏപ്രിൽ 13നാണ് പുറംലോകമറിയുന്നത്.
രാജീവും കുടുംബവും വിദേശത്തായിരുന്നപ്പോൾ നടന്ന മോഷണം വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് ആദ്യമറിഞ്ഞത്. വീടിന് പിന്നിലെ ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ വീടിനുള്ളിൽ കയറിയത്. ലോക്കറിൽ സൂക്ഷിച്ച രണ്ട് കോടിയോളം രൂപ വിലവരുന്ന 350 പവനോളം സ്വർണമാണ് നഷ്ടമായത്. മലപ്പുറം എസ്.പി ആർ. വിശ്വനാഥ്, തിരൂർ ഡിവൈ.എസ്.പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. 50 പേരടങ്ങുന്ന പ്രത്യേകസംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. രണ്ടരമാസം മുമ്പ് അന്വേഷണസംഘത്തെ പുതുക്കി. കവർച്ച നടന്ന വീട്ടിലെ സി സി ടി വി ദൃശ്യങ്ങൾ നശിപ്പിക്കപ്പെട്ടതിനാൽ സമീപപ്രദേശങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. ഊർജിത അന്വേഷണം നടത്തിയിരുന്നെങ്കിലും തുടക്കത്തിൽ പ്രതികളെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല. ഒന്നിലധികം പേർ ചേർന്നാകാം കവർച്ചയെന്നും കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നുമായിരുന്നു കേസിൽ പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ സി.സി ടി വി ദൃശ്യങ്ങളിൽ ഒരാൾ മാത്രമാണ് ഉണ്ടയിരുന്നത്. മുഖം വ്യക്തമായിരുന്നുമില്ല.
തുടർന്ന് അടുത്ത കാലത്ത് ജയിലിൽ നിന്നിറങ്ങിയവരുടേതുൾപ്പെടെ പട്ടിക ശേഖരിച്ചിരുന്നു. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണവും നടന്നു. എന്നാൽ പ്രതിയിലേക്കെത്താനുള്ള കൂടുതൽ തെളിവുകളൊന്നും അന്ന് ലഭിച്ചില്ല. ഇതിനിടെ അന്വേഷണം നടക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ പൊലീസിനെതിരെ രംഗത്തെത്തുകയും ചെയ്തു. എന്നാൽ, കൂടുതൽ വിവരങ്ങൾ പുറത്തറിയിക്കാതെ പൊലീസ് പ്രതികളുടെ നീക്കങ്ങൾ പരിശോധിച്ച് വ്യക്തത വരുത്തിയാണ് അറസ്റ്റിലേക്കെത്തിയത്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ പ്രതി സുഹൈൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു. എന്നാൽ ബിയ്യത്തെ മോഷണവുമായി ഇയാളെ ബന്ധിപ്പിക്കാനുള്ള ഒരു തെളിവും ലഭിച്ചിരുന്നില്ല. മോഷണം നടന്ന് രണ്ടാഴ്ച കഴിഞ്ഞ് മറ്റൊരു കേസിൽ സുഹൈൽ കസ്റ്റഡിയിലായിരുന്നു. നിലവിൽ അമ്പതോളം കേസുകളാണ് സുഹൈലിനെതിരെയുള്ളത്. ഇയാൾ മറ്റിടങ്ങളിൽ നടത്തിയ മോഷണത്തിന്റെ രീതിയാണ് ബിയ്യത്തും പ്രയോഗിച്ചിരിക്കുന്നത്. സി.സി ടി.വി നശിപ്പിക്കുകയെന്നത് ഇയാളുടെ രീതിയാണ്. ഡി.വി ആർ കിണറിൽ ഉപേക്ഷിക്കാറാണ് പതിവ്. സുഹൈൽ പൊലീസിനെ സംബന്ധിച്ച് അപരിചിതനല്ല. എന്നാൽ, ഈ കേസിൽ അവരെ വട്ടം കറക്കാൻ സുഹൈലിനായിരുന്നു.
മോഷണശേഷം സുഹൈൽ നാട്ടിൽ തന്നെയുണ്ടായിരുന്നു. പിടിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസത്തിലായിരുന്നു ഇയാൾ. കവർച്ചമുതൽ വിൽക്കാനും മറ്റും സഹായിച്ചതിനാണ് അബ്ദുൾനാസറിനെയും മനോജിനെയും അറസ്റ്റ് ചെയ്തത്. അബ്ദുൾനാസർ കള്ളനോട്ടുകേസിലും പ്രതിയാണ്. കൃത്യത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും സ്വർണത്തിന്റെ ബാക്കി കണ്ടെത്തേണ്ടത് സംബന്ധിച്ചും അന്വേഷിക്കുമെന്ന് പൊലീസ് വിശദമാക്കിയിട്ടുണ്ട്. സ്വർണം വിൽക്കുന്നതിനെക്കുറിച്ചുള്ള ചില വിവരങ്ങളാണ് പ്രതികളെ പിടികൂടാൻ വഴിയൊരുക്കിയത്.