ഡോ. വന്ദന കൊലക്കേസ്: സന്ദീപിന് ജാമ്യമില്ല, എയിംസിൽ മാനസിക നില പരിശോധിക്കണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി
ദില്ലി : ഡോ. വന്ദന കൊലക്കേസ് പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ‘ജാമ്യത്തിന്റെ കാര്യത്തിൽ ഉദാര സമീപനമാണ് കോടതി സ്വീകരിക്കുന്നത്’, എന്നാൽ ഈ കേസിൽ അതിന് കഴിയില്ലെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതിയുടെ വിധി. സന്ദീപ് ചെയ്ത കാര്യങ്ങൾ പരിഗണിക്കുമ്പോൾ ജാമ്യം നൽകാനാകില്ലെന്ന് കോടതി നിലപാടെടുത്തു.
താൻ മാനസിക പ്രശ്നങ്ങളുളള ആളെന്നായിരുന്നു കോടതിയിൽ സന്ദീപിന്റെ വാദം. എന്നാൽ സന്ദീപിന് മാനസിക പ്രശ്നമില്ലെന്നായിരുന്നു സംസ്ഥാനത്തിന്റെ റിപ്പോർട്ട്. ഈ റിപ്പോർട്ടിനെ മറികടക്കാൻ എയിംസിലെ മാനസിക നില പരിശോധന പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യവും കോടതി തള്ളി. കേസിലെ സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കിയ ശേഷം ഹൈക്കോടതിയിൽ പുതിയ അപേക്ഷ നൽകാൻ സുപ്രീംകോടതി നിർദേശം നൽകി.
നേരത്തെ സന്ദീപിന് ജാമ്യം നൽകരുതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നിലപാടെടുത്തിരുന്നു. മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കിയിരുന്ന ആളാണെന്നും സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണിയാണെന്നും കോടതിയിൽ സംസ്ഥാനം നൽകിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. പ്രതി ഒളിവിൽ പോകാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്.കൂടാതെ ജാമ്യം നൽകുന്നത് ആരോഗ്യപ്രവർത്തകർക്കിടയിൽ ആശങ്കയുണ്ടാക്കുമെന്നും സംസ്ഥാനം കോടതിയെ ബോധിപ്പിച്ചു. ഇതെല്ലാം പരിഗണിച്ചാണ് സുപ്രീം കോടതി ജാമ്യ ഹർജി തളളിയത്.