Uncategorized

ലോറി എത്രതാഴ്ചയിലേക്ക് മറിഞ്ഞു, കിടങ്ങിൻ്റെ ആഴം എത്ര; പനയമ്പാടത്ത് ശാസ്ത്രീയ പരിശോധന തുടരുന്നു

പാലക്കാട്: പാലക്കാട് പനയമ്പാടത്ത് ലോറി അപകടം നടന്ന സ്ഥലത്ത് ശാസ്ത്രീയ പരിശോധന തുടരുന്നു. ഫോറൻസിക് വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. നിയന്ത്രണം വിട്ട ലോറി എത്രതാഴ്ചയിലേക്ക് മറിഞ്ഞു, കിടങ്ങിൻ്റെ ആഴം എന്നിവയാണ് പരിശോധിക്കുന്നത്. ലോറി ഇടിച്ചു കയറി 4 വിദ്യാർത്ഥിനികളാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് നാല് കുട്ടികളുടെ ജീവനെടുത്ത ദാരുണമായ അപകടമുണ്ടായത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. കുട്ടികളുടെ മുകളിലേക്ക് സിമന്‍റ് ലോറി മറിയുകയായിരുന്നു.

സ്ഥിരമായി അപകടമുണ്ടാവുന്നതാണ് ഈ പ്രദേശമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ ഇന്നലെ പ്രതിഷേധിച്ചിരുന്നു. അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. പാലക്കാട് കരിമ്പാ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പനയമ്പാടം സ്ഥിരം അപകട സ്ഥലമാണെന്ന് നാട്ടുകാർ പറയുന്നു. നാളിതുവരെ 55 അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. ഏഴു മരണവും 65 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കോങ്ങാട് എംഎൽഎ കെ ശാന്തകുമാരി നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിൽ 2022 ൽ പറഞ്ഞതാണ് ഈ വസ്തുത. ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായിരുന്നു. 2021ൽ വിഷുവിന് ഇവിടെ 2 പേർ മരിച്ചിരുന്നു. മഴ പെയ്താൽ ഇവിടുത്തെ വളവ് അപകടകേന്ദ്രമാണെന്നും നാട്ടുകാർ പറയുന്നു. ഇറക്കവും വളവുമാണ് റോഡിന്റെ ഈ ഭാഗത്തുള്ളത്. അപകടം സ്ഥിരമായപ്പോൾ ഇവിടെ റോഡിൻ്റെ വീതി കൂട്ടിയെങ്കിലും അപകടങ്ങൾക്ക് കുറവൊന്നും ഉണ്ടായിട്ടില്ല.

പള്ളിപ്പുറം വീട്ടിൽ അബ്ദുൽ സലാം- ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പെട്ടേത്തൊടിയിൽ വീട്ടിൽ അബ്ദുൽ റഫീഖ്-ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവുളേങ്ങൽ വീട്ടിൽ അബ്ദുൽ സലീം- നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ്മ, അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ ആയിഷ എന്നിവരാണ് മരിച്ച വിദ്യാർത്ഥിനികൾ. ഇവരുടെ സംസ്കാര ചടങ്ങുകൾ തുടരുകയാണ്. തുപ്പനാട് മസ്ജിദില്ലാണ് നാലുപേരുടേയും ഖബറടക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button