ലോക ചെസ് ചാമ്പ്യൻഷിപ്പ്:ഗുകേഷ്-ഡിംഗ് ലിറൻ അവസാന റൗണ്ട് പോരാട്ടം ഇന്ന്, ഇന്ത്യൻ സമയം, മത്സരം കാണാനുള്ള വഴികൾ
സെന്‍റോസ: ലോക ചെസ് ചാമ്പ്യൻഷിപ്പ് പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. ചാമ്പ്യൻഷിപ്പിലെ നിർണായക പതിനാലാം മത്സരം ഇന്ന് നടക്കും. ജയിക്കുന്നയാൾ ലോക ചാമ്പ്യനാകും. 13 റൗണ്ട് പോരാട്ടം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയുടെ ഡി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും ആറര പോയന്‍റുമായി ഒപ്പത്തിനൊപ്പമാണ്. മത്സരം സമനിലയിൽ പിരിഞ്ഞാൽ വെള്ളിയാഴ്ച ടൈബ്രേക്കറിലാകും ജേതാവിനെ കണ്ടെത്തുക. നിലവിലെ ചാമ്പ്യനായ ഡിംഗ് ലിറൻ വെള്ളകരുക്കളുമായാണ് ഇന്ന് കളിക്കുക. ഇതിന്‍റെ ആനുകൂല്യം താരത്തിന് ലഭിക്കുമെന്നതിനാൽ ഗുകേഷിന് അവസാന റൗണ്ട് പോരാട്ടം കടുക്കും. ചാമ്പ്യൻഷിപ്പിൽ ഇതുവരെ രണ്ട് വീതം ജയങ്ങളാണ് ഇരു താരങ്ങളും സ്വന്തമാക്കിയത്. ബാക്കി 9 മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. ടൈബ്രേക്കറിൽ കൂടുതൽ മത്സര പരിചയം ഡിംഗ് ലിറനായതിനാൽ ഇന്ന് ജയിക്കാൻ പരമാവധി ശ്രമിക്കുക ഡി ഗുകേഷാകും.
ഇന്നലത്തെ മത്സരത്തിൽ 69 നീക്കങ്ങൾക്ക് ശേഷമാണ് ഗുകേഷിനെ ഡിംഗ് ലിറൻ സമനിലയിൽ തളച്ചത്. വെള്ളക്കരുക്കളുമായി കളിച്ച ഡി ഗുകേഷ് വിജയത്തിന് അടുത്തെത്തിയ ശേഷമാണ് സമനില വഴങ്ങിയത്. ചാമ്പ്യൻഷിപ്പില്‍ വെള്ളക്കരുക്കളുമായി ഗുകേഷിന്‍റെ അവസാന മത്സരമായിരുന്നു ഇന്നലത്തേത്. ഗുകേഷിന്‍റെ 31-ാം നീക്കത്തോടെ തന്‍റെ പ്രതീക്ഷകള്‍ നഷ്ടമായിരുന്നുവെന്ന് മത്സരശേഷം ഡിംഗ് ലിറന്‍ ഇന്നലെ പറഞ്ഞിരുന്നു. ആ നീക്കം കണ്ടപ്പോള്‍ ഞാന്‍ കളി കൈവിട്ടതായിരുന്നു. തിരിച്ചുവരനിന് യാതൊരു സാധ്യതയുമില്ലെന്ന് കരുതി. പക്ഷെ അവസാനം എനിക്ക് സമനില നേടാന്‍ കഴിഞ്ഞത് ആശ്വാസമായി-മത്സരശേഷം ലിറന്‍ പറഞ്ഞു.
സിംഗപ്പൂരിലെ സെന്‍റോസയിലുള്ള റിസോര്‍ട്ട് വേള്‍ഡില്‍ ഇന്ത്യൻ സമയം ഉച്ചക്ക് 2.30നാണ് പതിനാലാം റൗണ്ട് മത്സരം തുടങ്ങുക. ഫിഡെയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളായ ചെസ്.കോമിന്‍റെ ട്വിച്ചിലും യുട്യൂബിലും മത്സരം തത്സമയം കാണാനാകും.