ഭർത്താവിന്‍റെ കടം വീട്ടാൻ കുഞ്ഞിനെ 1.5 ലക്ഷത്തിന് വിറ്റ് 40 കാരി അമ്മ, ‘മിസ്സിംഗ്’ പരാതി പൊളിച്ച് പൊലീസ്
ബെംഗളൂരു: ഭർത്താവിന്‍റെ കടം തീർക്കാൻ നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കർണ്ണാടകയിലെ രാമനഗരയിലാണ് സംഭവം. 30 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബെംഗ്ലൂരുവിലെ ഒരു യുവതിക്ക് 1.5 ലക്ഷം രൂപക്കാണ് 40 കാരിയായ അമ്മ വിറ്റതെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ അഞ്ചിനാണ് സംഭവം. ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ യുവതി പണം വാങ്ങി വിറ്റതാണെന്ന് പൊലീസ് കണ്ടെത്തുന്നത്.
രാമനഗരയിലെ താമസക്കാരായ ദമ്പതിമാർ കൂലിപ്പണി ചെയ്താണ് കുടുംബം നടത്തിയിരുന്നത്. ഇവർക്ക് നാല് കുട്ടികളുണ്ട്. ഇതിനിടയിലാണ് അഞ്ചാമത്തെ കുട്ടിയെ പ്രസവിക്കുന്നത്. കടബാധ്യതകളെ പറ്റി സംസാരിക്കുന്നതിനിടെ ഭാര്യ നവജാത ശിശുവിനെ കുട്ടികളില്ലാത്ത ആർക്കെങ്കിലും കൊടുക്കാമെന്ന് ഭാര്യ പറഞ്ഞതായി യുവാവ് പറഞ്ഞു. തനിക്ക് മൂന്ന് ലക്ഷം രൂപ കടമുണ്ട്. ഈ കടം വീട്ടാനുള്ള പണം കിട്ടുമെന്നും കുഞ്ഞിനെ ആർക്കെങ്കിലും വിൽക്കാമെന്നും ഭാര്യ പറഞ്ഞു, അത് താൻ കാര്യമായി എടുത്തിരുന്നില്ല. എന്നാൽ കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞതോടെ തനിക്ക് സംശയാമായി. തുടർന്ന് രണ്ട് ദിവസത്തെ തെരച്ചിലിന് ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് ഭർത്താവ് പറഞ്ഞു.
ഡിസംബർ അഞ്ചിന് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുഞ്ഞിനെ കണ്ടില്ല. ഭാര്യയോട് ചോദിച്ചപ്പോൾ കുഞ്ഞിന് സുഖമില്ലെന്നും ബന്ധുവായ സ്ത്രീ പരിചരിക്കാൻ കൊണ്ടുപോയെന്നും പറഞ്ഞു. പിറ്റേ ദിവസവും രാത്രി വീട്ടിലെത്തിയപ്പോഴും കുഞ്ഞ് ഉണ്ടായിരുന്നില്ല. സംശയം തോന്നി ബന്ധുവിന്‍റെയോ ഡോക്ടറുടേയോ നമ്പർ ചോദിച്ചപ്പോൾ ഭാര്യ വിസമ്മതിച്ചു. ഇതോടെ വഴക്കുണ്ടായി. തുടർന്നാണ് ഏഴാം തീയതി രാവിലെ പൊലീസ് സ്റ്റേഷനിലെത്തി കുഞ്ഞിനെ കാണാനില്ലെന്ന് പരാതി നൽകിയതെന്ന് യുവാവ് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയെ ചോദ്യം ചെയ്തു. കുട്ടി ബന്ധുവിനൊപ്പമാണെന്ന മറുപടിയാണ് 40 കാരി പൊലീസിനോടും ആവർത്തിച്ചത്. സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ 1.5 ലക്ഷം രൂപക്ക് ബെംഗളൂരുവിലുള്ള ഒരു യുവതിക്ക് വിറ്റതായി അമ്മ സമ്മതിച്ചത്. തുടർന്ന് യുവതിയേയും കൂട്ടി ബെംഗളൂരിലെത്തിയ പൊലീസ് കുഞ്ഞിനെ വീണ്ടെടുക്കുകയായിരുന്നു. കുഞ്ഞിനെ വിൽക്കാൻ സഹായിച്ച രണ്ട് പേരെയും കുട്ടിയെ വാങ്ങിയ യുവതിയേയുമടക്കം 4 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാമെന്നും കുഞ്ഞിനെ മാണ്ഡ്യയിലെ ശിശുക്ഷേമ സമതിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.