Uncategorized

സെക്രട്ടറിയേറ്റിന് മുന്നിൽ റോഡ് കയ്യേറി സമര പന്തൽ; ജോയിന്‍റ് കൗണ്‍സിൽ നേതാക്കള്‍ അടക്കം 150പേർക്കെതിരെ കേസ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ റോഡ് കയ്യേറി സമര പന്തൽ കെട്ടിയ സംഭവത്തിൽ സിപിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്‍റ് കൗണ്‍സിൽ ഓഫീസ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍റെ നേതാക്കള്‍ അടക്കം 150പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജോയിന്‍റ് കൗണ്‍സിൽ നേതാവ് കെപി ഗോപകുമാറിനെ ഒന്നാം പ്രതിയാക്കിയും മറ്റു നേതാക്കളായ ജയചന്ദ്രൻ കല്ലിങ്ങൽ, ഒകെ ജയകൃഷ്ണൻ, പള്ളിച്ചാൽ വിജയൻ തുടങ്ങിയവരടക്കമുള്ളവര്‍ക്കെതിരെയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കണ്ടാൽ അറിയുന്ന 150 പേരെയാണ് പ്രതികളാക്കിയത്. പൊതുവഴിയിലുള്ള ഗതാഗതം തടസപ്പെടുത്തിയതിനും നടപ്പാത കയ്യേറി കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനുമാണ് കേസ്.

സിപിഎം ഏരിയ സമ്മേളന പൊതുയോഗത്തിന് വഞ്ചിയൂരിൽ റോഡ് തടഞ്ഞ് പന്തൽ കെട്ടിയ സംഭവത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് സെക്രട്ടറിയേറ്റിന് മുന്നിൽ റോഡ് കയ്യേറി സമരപന്തലുമായി സിപിഐ സംഘടനയും രംഗത്തെത്തിയത്. ജോയിൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻസ് സമ്മേളനത്തിന്‍റെ വേദിയാണ് റോഡ് കയ്യേറി പന്തൽ കെട്ടിയത്. നടപ്പാത കെട്ടി അടച്ചതോടെ കാല്‍നടയാത്രക്കാര്‍ വലഞ്ഞിരുന്നു. സിപിഐയുടെ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് സമരം ഉദ്ഘാടനം ചെയ്തത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതീയിലാണ് സമരം നടത്തേണ്ടതെന്നും ഭാവിയിൽ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button