പാർലമെൻ്റിൽ ആഞ്ഞടിച്ച് ശശി തരൂർ; ദുരന്ത നിവാരണ ഭേദഗതി ബില്ലിൽ വയനാട് വിഷയമുയർത്തി പ്രതിഷേധം
ദില്ലി: ദുരന്ത നിവാരണ ഭേദഗതി ബില്ലിലെ ചർച്ചക്കിടെ കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ച് ശശി തരൂർ. വയനാട് വിഷയം അടക്കം ഉയർത്തിയാണ് ബില്ലിനെതിരെ കോൺഗ്രസ് എംപി അതിരൂക്ഷ വിമർശനം ഉന്നയിച്ചത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ബില്ല് അവതരിപ്പിച്ചത്. പുതിയ ബില്ല് തന്നെ ദുരന്തമെന്നായിരുന്നു ശശി തരൂരിൻ്റെ മറുപടി.
സർക്കാർ എടുത്തു ചാടി ബിൽ അവതരിപ്പിക്കുകയാണെന്ന് ശശി തരൂർ വിമർശിച്ചു. വിദ്ഗ്ദ്ധ പഠനം നടത്താതെയാണ് ബില്ല് കൊണ്ടുവന്നത്. വയനാടിൽ ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ്. ഒരു പ്രദേശം തന്നെ ഇല്ലാതായി. 480 ലധികം പേർ മരിച്ചു. നിലവിലെ നിയമത്തിന് ഈ ദുരന്തത്തിൽ ഒന്നും ചെയ്യാനായില്ല. പുതിയ ബില്ലിനും ഇത്തരം ദുരന്തങ്ങളിൽ ഫലപ്രദമായി ഇടപെടാൻ സാധിക്കില്ലെന്ന് ശശി തരൂർ ചൂണ്ടിക്കാട്ടി.
വയനാട് ദുരന്ത സഹായം കേരളത്തിന് നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. ഇടക്കാല സഹായം അനുവദിക്കുന്നതിൽ വലിയ വീഴ്ചയാണ്. കേരളത്തിൻ്റെ അഭ്യർത്ഥന നിരസിച്ചു? വയനാടിന് സഹായം നൽകാൻ എന്തിനാണ് മടി? എൻ ഡിആർ എഫ് വിതരണത്തിൽ വേർതിരിവ് കാട്ടുകയാണ് കേന്ദ്രം. വയനാട്ടിലെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളിയ മട്ടാണ്. യാഥാർത്ഥ്യം തിരിച്ചറിയാനുള്ള കഴിവ് പുതിയ ബില്ലിനും ഇല്ല. മുണ്ടക്കൈ , ചൂരൽമല ദുരന്തം ഇനി രാജ്യത്തുണ്ടാകരുത്. കേരളം പോലെ പ്രളയ സാഹചര്യം ആവർത്തിക്കുന്ന സംസ്ഥാനങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്ന ഒന്നും പുതിയ ബില്ലിലില്ല. ദുരന്ത നിവാരണത്തിന് നിയമ പരിരക്ഷ ഉറപ്പ് വരുത്തുന്നില്ല, എംപിമാരെ കേൾക്കാൻ അവസരം നൽകുന്നില്ല, ബിൽ തിരികെ വയ്ക്കുന്നതാകും നല്ലതെന്നും തരൂർ പറഞ്ഞു.