കൈയേറ്റമാരോപിച്ച് ഉത്തർപ്രദേശിൽ 185 വർഷം പഴക്കമുള്ള മുസ്ലീം പള്ളിയുടെ ഒരു ഭാഗം പൊളിച്ചുനീക്കി
ലഖ്നൗ: ഉത്തർപ്രദേശിലെ 185 വർഷം പഴക്കമുള്ള മുസ്ലീം പള്ളിയുടെ ഒരു ഭാഗം പൊളിച്ചുനീക്കി. ഫത്തേപൂർ ജില്ലയിൽ ബന്ദ-ബഹ്‌റൈച്ച് ഹൈവേക്ക് സമീപത്ത് കൈയേറ്റമാരോപിച്ചാണ് പള്ളിയുടെ ഒരുഭാഗം അധികൃതർ പൊളിച്ചത്. ബുൾഡോസർ നടപടി അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി ദിവസങ്ങൾക്ക് ശേഷമാണ് നടപടി. പൊളിച്ച ഭാഗം നിയമവിരുദ്ധമായി സ്ഥലം കൈയേറി നിർമിച്ചതാണെന്ന് രേഖയുണ്ടെന്നും കഴിഞ്ഞ മൂന്ന് വർഷമായി പരാതി ഉയർന്നുവന്നതാണെന്നും ജില്ലാ ഭരണകൂടം അവകാശപ്പെട്ടു.
ആഗസ്റ്റ് 17 ന് അനധികൃത നിർമ്മാണം ചൂണ്ടിക്കാട്ടി പള്ളിയുടെ ചില ഭാഗങ്ങൾ നീക്കം ചെയ്യാൻ നോട്ടീസ് നൽകിയതായി പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) അറിയിച്ചു. തുടർന്ന് മസ്ജിദ് അധികൃതർ ഒരുമാസത്തെ സമയം തേടിയിരുന്നു. എന്നാൽ ഈ ഉത്തരവിനെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാനാണ് പള്ളി അധികൃതർ തീരുമാനിച്ചതെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ബന്ദ-ബഹ്‌റൈച്ച് ഹൈവേ നമ്പർ 13 ൻ്റെ വീതികൂട്ടലിന് തടസ്സമായ നൂറി മസ്ജിദിൻ്റെ 20 മീറ്ററോളം ചൊവ്വാഴ്ച ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി. അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയാണെന്ന് ലലൗലി പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് ഇൻസ്പെക്ടർ വൃന്ദാവൻ റായ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
എന്നാൽ, പിഡബ്ല്യുഡിയുടെ അവകാശവാദത്തെ നൂരി മസ്ജിദ് മാനേജ്മെൻ്റ് കമ്മിറ്റി മേധാവി എതിർത്തു. ലാലൗലിയിലെ നൂരി മസ്ജിദ് 1839-ൽ നിർമ്മിച്ചതാണ്. 1956-ലാണ് റോഡ് നിർമിച്ചത്. എന്നിട്ടും പി.ഡബ്ല്യു.ഡി പള്ളിയുടെ ചില ഭാഗങ്ങൾ നിയമവിരുദ്ധമാണെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും നൂറി മസ്ജിദ് മാനേജ്മെൻ്റ് കമ്മിറ്റി മുതവല്ലി (ചീഫ്) മുഹമ്മദ് മൊയിൻ ഖാൻ പറഞ്ഞു. കൈയേറ്റങ്ങളും മറ്റ് അനധികൃത നിർമ്മാണങ്ങളും നീക്കം ചെയ്യുന്നതിനായി മസ്ജിദ് മാനേജ്‌മെൻ്റ് ഉൾപ്പെടെ 139 സ്ഥാപനങ്ങൾക്ക് ഓഗസ്റ്റിൽ നോട്ടീസ് നൽകിയതായി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അവിനാശ് ത്രിപാഠി പറഞ്ഞു. റോഡിൻ്റെ അറ്റകുറ്റപ്പണികളും ഡ്രെയിനിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളും റൂട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്. അതിനാൽ നോട്ടീസ് നൽകിയ ശേഷം കൈയേറ്റങ്ങൾ നീക്കം ചെയ്തെന്നും ത്രിപാഠി പറഞ്ഞു.