നടിയെ ആക്രമിച്ച കേസ്; ആർ ശ്രീലേഖയ്ക്കെതിരെ കോടതി അലക്ഷ്യ ഹർജി നൽകി അതിജീവിതയായ നടി
കൊച്ചി: നടിയെ ആക്രമണ കേസില്‍ മുൻ ഡിജിപി ആർ.ശ്രീലേഖയ്ക്കെതിരെ അതിജീവിതയായ നടി കോടതി അലക്ഷ്യ ഹർജി നൽകി. കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് അതിജീവിതയായ നടിയുടെ ഹർജി. വിചാരണ കോടതിയിലാണ് നടി ഹർജി നൽകിയത്. നിരവധി തെളിവുകള്‍ ഉള്ള കേസില്‍ തെളിവില്ലെന്ന് പറയുന്നത് കോടതി അലക്ഷ്യത്തിന്‍റെ പരിധിയില്‍ വരുമെന്നാണ് ഹര്‍ജിയിലെ വാദം. ഹർജി ഇന്ന് കോടതി പരിഗണിച്ചേക്കും.
അതേസമയം, നടിയെ ആക്രമിച്ച കേസിന്‍റെ അന്തിമവാദം ഇന്ന് തുടങ്ങിയേക്കും. വാദം തുടങ്ങാൻ കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്‍റെ സാക്ഷിവിസ്താരം ഒരുമാസം മുമ്പ് പൂർത്തിയായിരുന്നു. സാക്ഷി മൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷൻ വാദമണ് ആദ്യത്തേത്. തുടർന്ന് പ്രതിഭാഗം മറുപടി നൽകും. അടുത്ത മാസം കേസിൽ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടൻ ദിലീപാണ് കേസിൽ എട്ടാം പ്രതി.
കേസിൽ കഴിഞ്ഞ ദിവസം അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. തന്‍റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്നുപരിശോധിച്ചവർക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടാണ് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചത്. നടിയെ ആക്രിച്ച കേസിൽ ദിലീപടക്കമുള്ള പ്രതികൾക്കെതിരായ വിചാരണ അന്തിമവാദത്തിലേക്ക് കടക്കുമ്പോഴാണ് അതിജീവിത രാഷ്ട്രപതിക്ക് പരാതി നൽകിയിരിക്കുന്നത്.