Uncategorized

മാടായി കോളേജ് നിയമനം: കെപിസിസിയുടെ അടിയന്തര ഇടപെടൽ തേടി ഡിസിസി; സതീശനെ കണ്ട് നേതാക്കൾ; പരാതിയുമായി രാഘവനും

കണ്ണൂർ : മാടായി കോളേജ് നിയമന വിവാദം കോൺഗ്രസിന് വലിയ തലവേദനയാകുന്നു. വിവാദത്തിന് പിന്നാലെ പാർട്ടി പ്രദേശത്ത് രണ്ട് തട്ടിലായതോടെ കണ്ണൂർ ഡിസിസി കെപിസിസിയുടെ അടിയന്തര ഇടപെടൽ തേടി. പയ്യന്നൂർ മേഖലയിൽ പാർട്ടി സംവിധാനം പ്രതിസന്ധിയിലാണെന്നും എം കെ രാഘവന് ഒപ്പമുള്ള കോളേജ് ഡയറക്ടർമാർക്കെതിരെ നടപടിയെടുത്തത് മതിയായ കാരണമുള്ളത് കൊണ്ടാണെന്നുമാണ് ഡിസിസി വിശദീകരണം. കോളേജ് ഭരണാസമിതി സംഘടനാ താല്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്നും സംഘടന ജനറൽ സെക്രട്ടറിക്ക് അയച്ച കത്തിൽ ഡിസിസി പ്രസിഡന്റ്‌ ചൂണ്ടിക്കാട്ടുന്നു.

രാഘവന് എതിരായ പ്രതിഷേധിച്ചതിന് പയ്യന്നൂരിൽ നടപടി നേരിട്ട കോൺഗ്രസ്‌ നേതാക്കൾ കണ്ണൂരിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തുകയാണ്. ഡിസിസി അധ്യക്ഷനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അതിനിടെ കോൺഗ്രസ് പ്രവർത്തകരുടെ പരസ്യ നിലപാടിനെതിരെ എം.കെ രാഘവൻ എഐസിസി, കെപിസിസി നേതൃത്വങ്ങളെ പരാതി അറിയിച്ചു. ഇങ്ങനെ പാർട്ടിയിൽ തുടരാനാവില്ലെന്ന് രാഘവൻ മുന്നറിയിപ്പ് നൽകിയതായാണ് വിവരം.

മാടായി കോളേജ് നിയമന വിവാദത്തിൽ എം.കെ. രാഘവൻ എംപിയും കണ്ണൂരിലെ കോൺഗ്രസും തുറന്ന പോരിലാണ്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാരെ കടന്നാക്രമിച്ച എം.കെ രാഘവൻ, തന്നെ അഴിമതിക്കാരനാക്കാൻ ബോധപൂർവം നീക്കം നടക്കുന്നുവെന്ന് ആരോപിച്ചിരുന്നു. പ്രവർത്തകരുടെ വികാരം കണക്കിലെടുക്കാതെയുളള രാഘവന്‍റെ നീക്കത്തിൽ അതൃപ്തിയിലാണ് കണ്ണൂർ ഡിസിസി.

എം.പി ചെയർമാനായ മാടായി കോളേജിൽ അദ്ദേഹത്തിന്‍റെ ബന്ധുവായ സിപിഎം പ്രവർത്തകന് ജോലി നൽകിയതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം പുകയുന്നത്. കോളേജിലെ അനധ്യാപക തസ്തികയിൽ കല്യാശ്ശേരിയിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ പരിഗണിക്കാതിരുന്നതാണ് എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും കാരണം. എംപി ബന്ധുവായ സിപിഎം അനുഭാവിക്ക് ജോലി നൽകിയത് കൂടുതൽ പ്രകോപനമായി. ഇതിൽ പ്രതിഷേധിച്ച് രാഘവനെ തടഞ്ഞ പ്രാദേശിക നേതാക്കൾക്കെതിരെ കെപിസിസി പറഞ്ഞതനുസരിച്ച് ഡിസിസി നടപടിയെടുത്തിരുന്നു. ഇതോടെ പ്രശ്നം കൂടുതൽ കലുഷിതമായി. രാഘവന്‍റെ നാട്ടിലെ കോൺഗ്രസ് കമ്മിറ്റി കഴിഞ്ഞ ദിവസം ഒന്നടങ്കം രാജിവച്ചിരുന്നു. കൂടുതൽ കമ്മിറ്റികൾ രാജിനൽകിയേക്കും. പരസ്യപ്രതിഷേധം തുടരാനാണ് നടപടി നേരിട്ടവരുടെ തീരുമാനം.

അതിനിടെ ഇന്നലെ വൈകിട്ട് കുഞ്ഞിമംഗലത്തെ രാഘവന്റെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. കോലം കത്തിച്ചു. പാർട്ടിയെ വിറ്റ് കാശുണ്ടാക്കുകയാണെന്നും വീട്ടിൽ കയറി തല്ലുമെന്നും കോൺഗ്രസ് പ്രവർത്തകർ രൂക്ഷ മുദ്രാവാക്യവും മുഴക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button