Uncategorized

അരവണ കണ്ടെയ്നർ സ്വന്തമായി നിർമിക്കാനൊരുങ്ങി ദേവസ്വം ബോർഡ്, നിലയ്ക്കലിൽ മൂന്ന് കോടി ചെലവിൽ പ്ലാന്റ്

തിരുവനന്തപുരം: സ്വന്തമായി അരവണ കണ്ടെയ്ന‍‍ർ നിർമ്മിക്കാനുളള പ്ലാൻ്റിന് ഈ സീസണൊടുവിൽ തന്നെ തുടക്കമാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത്. നിർമ്മാണത്തിന് താൽപര്യമറിയിച്ച കമ്പനികളെക്കുറിച്ച് സാങ്കേതിക പഠനം അന്തിമ ഘട്ടത്തിലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു. ചെലവ് ചുരുക്കി ഗുണനിലവാരം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നിലക്കലിൽ അരവണ കണ്ടെയ്ന‍ർ പ്ലാൻ്റ് എന്ന ആശയത്തിലേക്ക് ദേവസ്വം ബോർഡ് എത്തിയത്.

ലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന ശബരിമലയിൽ ശരാശരി ഒരുവർഷം രണ്ട് കോടി അരവണ ടിൻ വേണമെന്നാണ് ദേവസ്വംബോർഡ് കണക്ക്. രണ്ട് വർഷം മുമ്പ് ഗുണ നിലവാരമില്ലാത്ത കണ്ടെയ്നറുകളിൽ അരവണ നിറച്ചത് വൻതോതിൽ നഷ്ടത്തിന് കാരണമായിരുന്നു. കരാറെടുത്ത കമ്പനി അന്ന് കൃത്യമായി ടിന്നുകളെത്തിക്കാത്തതും വെല്ലുവിളിയായി. ഇതോടെയാണ് സ്വന്തമായി കണ്ടെയ്ന‍ർ പ്ലാൻ്റ് സ്ഥാപിക്കാനൊരുങ്ങുന്നത്. നിലയ്ക്കലിൽ ഉപയോഗ ശൂന്യമായിക്കിടക്കുന്ന ഭൂമിയിലാകും മൂന്നുകോടി മുതൽമുടക്ക് പ്രതീക്ഷിക്കുന്ന പ്ലാൻ്റ് വരിക. സമാനരീതിയിലുളള കണ്ടെയ്നറുകൾ നിർമ്മിക്കുന്ന പ്ലാൻ്റുകളിൽ വിദഗ്ധ സംഘം നേരിട്ടെത്തി സാധ്യത പഠനം പൂർത്തിയാക്കി. താൽപര്യപത്രവും ക്ഷണിച്ച് അടുത്ത ഘട്ടത്തിലെത്തി.

നിലവിൽ ഒരു കണ്ടെയ്നറിന് എട്ടുരൂപ വരെയാണ് ദേവസ്വം ബോർഡ് മുടക്കുന്നത്. കണ്ടെയ്നറുകൾ സ്വയം നിർമ്മിക്കുന്നതോടെ, ഇത് പകുതിയിലേറെ കുറയ്ക്കാനാകും. ഒപ്പം സ്വകാര്യകമ്പനികളുടെ കണ്ടെയ്നറുകൾക്ക് കാത്തുനിൽക്കാതെ കരുതൽ ശേഖരമായി അരവണ സംഭരിക്കാനും കഴിയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button