Uncategorized

2009 സെപ്റ്റംബര്‍ 30, നാടിന്റെ കണ്ണീർ ഇന്നും തോർന്നിട്ടില്ല; തേക്കടി ബോട്ട് ദുരന്തം കേസിൽ വിചാരണ നാളെ തുടങ്ങും

ഇടുക്കി: ഒന്നര പതിറ്റാണ്ടിനിപ്പുറം തേക്കടി ദുരന്തം കേസില്‍ വിചാരണ ആരംഭിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ബോട്ട് ദുരന്തമായ തേക്കടി ബോട്ടപകടം നടന്ന് 15 വര്‍ഷം പിന്നിടുമ്പോഴാണ് കേസിന്‍റെ വിചാരണ ആരംഭിക്കുന്നത്. വ്യാഴാഴ്ച തൊടുപുഴ ഫോര്‍ത്ത് അഡീഷണല്‍ സെക്ഷന്‍സ് കോടതിയിലാണ് കേസിന്‍റെ വിചാരണ തുടങ്ങുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഇ എ റഹീമാണ് ഹാജരാകുന്നത്.

മരിച്ചത് 45 പേർ

2009 സെപ്റ്റംബര്‍ 30നായിരുന്നു കെടിഡിസിയുടെ ഇരുനില ബോട്ടായ ജലകന്യക മുങ്ങി 23 വനിതകളടക്കം 45 പേര്‍ മരിച്ച തേക്കടി ദുരന്തമുണ്ടായത്. മരിച്ചവരെല്ലാം 50 വയസില്‍ താഴെയുള്ളവരായിരുന്നു. ഇതില്‍ ഏഴിനും 14നും ഇടയില്‍ പ്രായമുള്ള 13 കുട്ടികളുണ്ടായിരുന്നു. ബോട്ടില്‍ 82 വിനോദ സഞ്ചാരികളാണ് ഉല്ലാസയാത്ര നടത്തിയത്. ബോട്ട് ലാന്‍ഡിംഗില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലയായിരുന്നു അപകടം. നേവിയുടെ മുങ്ങല്‍ വിദഗ്ദ്ധര്‍ക്കൊപ്പം കുമളിയിലെ ടാക്‌സി ഡ്രൈവര്‍മാരും ജനങ്ങളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാട്ടുകാരാണ് 26 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നേവിയുടെ സഹായത്തിലാണ് മറ്റ് ശവശരീരങ്ങള്‍ കണ്ടത്തിയത്. മരണപ്പെട്ടവരിലേറെയും തമിഴ്‌നാട്, ബംഗളൂരു, ആന്ധ്രാപ്രദേശ്, ഹൈദരാബാദ്, മുംബൈ, ഹരിയാന, ദില്ലി, കല്‍ക്കട്ട എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു.

കുറ്റപത്രം സമർപ്പിച്ച് അഞ്ച് വർഷം പിന്നിട്ടു

സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ വൈകിയതിനാലാണ് കുറ്റപത്രം സമര്‍പ്പിച്ച് അഞ്ച് വര്‍ഷമായിട്ടും കേസില്‍ വിചാരണ ആരംഭിക്കാത്തതിരുന്നത്. ദുരന്തമുണ്ടായ 2009ല്‍ തന്നെ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി ഹൈക്കോടതി അഭിഭാഷകനെ നിയമിച്ചിച്ചിരുന്നെങ്കിലും ഇദ്ദേഹം സ്ഥാനമൊഴിഞ്ഞു. പിന്നീട് സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂട്ടറും 2021ല്‍ രാജിവച്ചു. പകരം പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതില്‍ അന്ന് കേസ് പരിഗണിച്ച തൊടുപുഴ ഫാസ്റ്റ്ട്രാക്ക് കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചതിനെ തുടര്‍ന്ന് 2022ല്‍ അഡ്വ. ഇ എ റഹീമിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു.

മുമ്പ് ഐജിയായിരുന്ന ശ്രീലേഖയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് എസ്പി പി എ. വത്സനായിരുന്നു ആദ്യം കേസിന്റെ അന്വേഷണ ചുമതല. ബോട്ടിലെ ഡ്രൈവര്‍, ലാസ്‌കര്‍, ബോട്ട് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവരെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് നല്‍കിയ ആദ്യ കുറ്റപത്രം കോടതി തള്ളി. തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളം തുടരന്വേഷണം വഴിമുട്ടിയ അവസ്ഥയിലായിരുന്നു. കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യു ഏറ്റെടുത്തതോടെയാണ് കേസില്‍ പുരോഗതിയുണ്ടായത്.

കുറ്റപത്രങ്ങള്‍ രണ്ടു വിധം

1. അപകടത്തില്‍ നേരിട്ടു ബന്ധമുള്ളവര്‍ക്ക് എതിരെയുള്ളതായിരുന്നു ആദ്യ കുറ്റപത്രം (എ ചാര്‍ജ്). ബോട്ട് ഡ്രൈവര്‍, ബോട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍, ടിക്കറ്റ് നല്‍കിയവര്‍ എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേരാണ് ആദ്യ കുറ്റപത്രത്തിലുള്ളത്.

2. ബോട്ട് നിര്‍മിച്ച കെടിഡിസി ഉള്‍പ്പടെയുള്ളവര്‍ക്കുണ്ടായ വീഴ്ചകള്‍ രണ്ടാം കുറ്റപത്രത്തിലുണ്ട് (ബി ചാര്‍ജ്). ബോട്ടിന്റെ നിലവാരം പരിശോധിക്കാതെയാണ് നീറ്റിലിറക്കിയതെന്നും പറയുന്നു.

2014 ഡിസംബര്‍ 24ന് തൊടുപുഴ നാലാം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റകൃത്യങ്ങള്‍ രണ്ട് തരത്തിലുണ്ടെന്ന് കണ്ടെത്തി. ഇത് തിരിച്ച് വെവേറെ കുറ്റപത്രം നല്‍കാനും ഉത്തരവിട്ടു. കെടിഡിസിയുടെയും ടൂറിസം വകുപ്പിന്റെയും പങ്ക് അന്വേഷിക്കാത്തതും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് 2019 ഓഗസ്റ്റിലും സെപ്റ്റംബറിലുമായി എ, ബി എന്നിങ്ങനെ രണ്ട് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു. കേസില്‍ 309 സാക്ഷികളെയാണ് വിസ്തരിക്കാനുള്ളത്. ദുരന്തമുണ്ടായതിന് പിന്നാലെ ജുഡീഷ്യല്‍ അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. റിട്ട. ജസ്റ്റിസ് മൊയ്തീന്‍കുഞ്ഞിന്റെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് 256 പേജുള്ള റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button