പറന്ന് കേരളം കാണാം; ഹെലി-ടൂറിസത്തിനായി ഇനി ഹെലിപോർട്ടുകൾ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതിന് പിന്നാലെ ഹെലി-ടൂറിസത്തിനായുളള ഹെലിപോർട്ടുകൾ സജ്ജീകരിക്കാൻ നിർദ്ദേശം. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ വിമാനത്താവളിലായിരിക്കും ഹെലിപോർട്ടുകൾ സജ്ജമാക്കുക.ഹെലിസ്റ്റേഷനുകളുടെയും ഹെലിപാഡുകളും ടൂറിസ പ്രാധാന്യമുള്ള സ്ഥലങ്ങൾക്ക് സമീപം സ്ഥാപിക്കാനാണ് നിർദേശം. നിർദിഷ്ട ഹെലിപോർട്ടുകൾ ഇവയുടെ ഫീഡർ ഹബ്ബുകളായി പ്രവർത്തിക്കും.
ചെറിയ പ്രദേശങ്ങളിലായാലും ഹെലിസ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ കഴിയും. 3-5 ഏക്കർ സ്ഥലം മതി ഇത് സ്ഥാപിക്കാൻ. ടൂറിസം പ്രാധാന്യമുള്ള വിവിധ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന റൂട്ടുകളെല്ലാം നോഡുകളായി തിരിച്ചറിയാൻ കഴിയും. ഇതുവഴി യാത്രക്കാർക്ക് ഹെലിപോർട്ടുകളിലേക്കോ മറ്റ് ഹെലിസ്റ്റേഷനുകളിലേക്കോ പോകാൻ കഴിയുമെന്നാണ് വിവരം.
വർക്കല, ജടായുപാറ, പൊൻമുടി, കൊല്ലം, മൂന്നാർ, കുമരകം, ആലപ്പുഴ, തേക്കടി, പാലക്കാട്, ബേക്കൽ, വയനാട് എന്നീ സ്ഥലങ്ങളിലാണ് ഹെലിസ്‌റ്റേഷൻ/ഹെലിപാഡ് ലൊക്കേഷനുകൾ സ്ഥാപിക്കാൻ ആലോചിക്കുന്നത്. ഹെലികോപ്റ്ററുകൾക്കും മറ്റ് വെർട്ടിക്കൽ ലിഫ്റ്റ് എയർക്രാഫ്റ്റുകൾക്കും അനുയോജ്യമായ ചെറിയ വിമാനത്താവളങ്ങളാണ് ഹെലിപോർട്ടുകൾ.
ടെർമിനൽ കെട്ടിടങ്ങൾ, ഹാംഗറുകൾ, ഇന്ധനം നിറയ്ക്കാനുള്ള സൗകര്യങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഹെലിപോർട്ടുകളിലുണ്ടാവും. ഇതിൽ ഒരു പാസഞ്ചർ ടെർമിനൽ (150 പാക്സ്), 16 ഹെലികോപ്റ്ററുകൾ പാർക്കിംഗ് ശേഷിയുള്ള ഹാംഗറുകൾ, പാർക്കിംഗ് ബേകൾ, എയർ ട്രാഫിക് കൺട്രോൾ, അഗ്നിശമന സൗകര്യങ്ങൾ, ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം, അറ്റകുറ്റപ്പണികൾ, ഓവർഹോൾ (എംആർഒ) സൗകര്യം തുടങ്ങിയവ ഉണ്ടായിരിക്കും. ഹെലികോപ്റ്ററുകൾക്ക് ലാൻഡ് ചെയ്യാനും പറന്നുയരാനും സൗകര്യ പ്രദമായ ഹെലിപാഡുകളും ഉണ്ടാകും.