Uncategorized

വയനാട് ഉരുൾപൊട്ടൽ ദുരന്തം; ‌ഡിഎൻഎ പരിശോധനയില്‍ മൂന്ന് പേരെ കൂടി തിരിച്ചറിഞ്ഞു, മൃതദേഹങ്ങൾ കൈമാറണമെന്ന് കളക്ടർ

വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ മരിച്ച നാല് പേരെ കൂടി തിരിച്ചറിഞ്ഞു. മൂന്ന് മൃതശരീരങ്ങളുടെയും ഒരു ശരീര ഭാഗത്തിന്‍റെയും ഡിഎൻഎ പരിശോധന ഫലമാണ് പുറത്ത് വന്നത്. മൃതദേഹങ്ങൾ ആൻഡ്രിയ, രംഗസ്വാമി, നജ ഫാത്തിമ എന്നിവരുടെതും മൃതദേഹ ഭാഗം മുണ്ടക്കൈ സ്വദേശി സുബൈറിന്റേതും ആണെന്നാണ് തിരിച്ചറിഞ്ഞത്. നേരത്തെ ഈ മൃതദേഹങ്ങളും മൃതദേഹഭാഗവും കാണാതായ മറ്റ് നാല് പേരുടെ ആണെന്നാണ് കരുതിയിരുന്നത്. ഡിഎൻഎ പരിശോധനയുടെ അടിസ്ഥാനത്തിൽ മൃതദേഹങ്ങൾ കൈമാറണമെന്ന് കളക്ടർ ഉത്തരവിട്ടു. നിലവിലെ സംസ്കാര സ്ഥലം തുടരണമെന്ന് താല്പര്യമുള്ളവർക്ക് അടയാളപ്പെടുത്തിയ പേരുകളിൽ മാറ്റം വരുത്താൻ സൗകര്യം ഒരുക്കണമെന്നും നിർദ്ദേശമുണ്ട്.

ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും 40 ലേറെ പേര്‍ ഇനിയും കാണാമറയത്താണ്. ദുരന്തത്തിൽ കാണാതായ 47 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാല്‍ തെരച്ചില്‍ എവിടെയും നടക്കുന്നില്ല. മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സൂചിപ്പാറ, ആനടികാപ്പ് മേഖലയില്‍ തെരച്ചില്‍ നടത്തണമെന്ന ആവശ്യം മുൻപ് കാണാതായവരുടെ ബന്ധുക്കള്‍ ചീഫ് സെക്രട്ടറിയോട് ഉന്നയിച്ചിരുന്നു. ഇത് അനുസരിച്ച് തെരച്ചില്‍ നടത്തിയപ്പോള്‍ അഞ്ച് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. മറ്റൊരു ദിവസവും തെരച്ചില്‍ നടന്നെങ്കിലും അത് തുടരാൻ അധികൃതർ തയ്യാറായില്ല. ദുരന്തത്തില്‍ കാണാതായവർക്കുള്ള തെരച്ചില്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാക്കി വയനാട്ടിലെ പ്രതിപക്ഷ പാർട്ടികള്‍ രംഗത്തെത്തിയിരുന്നു.

അതേസമയം, കേന്ദ്രത്തിനെതിരെ കടുത്ത വിമർശനമാണ് മുഖ്യമന്ത്രി ഉയര്‍ത്തുന്നത്. വയനാട് ദുരിതാശ്വാസത്തിന് ഇതുവരെ ഒരു രൂപ പോലും പ്രത്യേക ധനസഹായമായി അനുവദിച്ചില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെട്ടുത്തി. വിഴിഞ്ഞം പദ്ധതിയ്ക്കുള്ള വിജിഎഫ് തുക തിരിച്ചടക്കണമെന്ന നിബന്ധനയെയും മുഖ്യമന്ത്രി തുറന്നെതിർത്തു. സമാനമായ ദുരന്തം നേരിട്ട മറ്റ് ചെറു സംസ്ഥാനങ്ങൾക്കടക്കം കേന്ദ്രം നൽകിയ ധനസഹായം എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വിമ‍ർശനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button