Uncategorized

‘ഏജന്‍റിന്‍റെ ചതി, എങ്ങനെയെങ്കിലും തിരിച്ചെത്തിക്കണം’; യുദ്ധമുഖത്തേക്കുള്ള മനുഷ്യക്കടത്തിൽ കുടുങ്ങി മലയാളികൾ

തൃശ്ശൂർ: തൊഴിൽ തട്ടിപ്പിൽ വഞ്ചിതരായ മലയാളി യുവാക്കൾ മനുഷ്യക്കടത്തിന് ഇരകളായി റഷ്യയിലെ യുദ്ധമുഖത്ത്. തൃശ്ശൂർ കുരാഞ്ചേരി സ്വദേശികളായ ജെയ്ൻ, ബിനിൽ എന്നിവരാണ് കഴിഞ്ഞ എട്ട് മാസമായി റഷ്യയിൽ കുടുങ്ങിക്കിടക്കുന്നത്. കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും റഷ്യയിലെത്തിയത്. അവിടുത്തെ മലയാളി ഏജന്റ് കബളിപ്പിച്ചാണ് ഇരുവരെയും കൂലിപ്പട്ടാളത്തിനൊപ്പം അകപ്പെടുത്തിയത്. യുദ്ധമുഖത്ത് എന്തും സംഭവിക്കാം, പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടു എന്നാണ് ജെയ്ൻ, കുടുംബത്തിന് അയച്ച അവസാനത്തെ സന്ദേശം. എത്രയും വേഗം ഇവരെ നാട്ടിലെത്തിക്കണമെന്നാണ് വീട്ടുകാരുടെ അപേക്ഷ.

ഏപ്രിൽ നാലിനാണ് ജെയിനും ബിനിലും റഷ്യയിലേക്ക് പോയത്. ഇലക്ട്രീഷ്യൻ ജോലി എന്ന് പറഞ്ഞാണ് കൊണ്ടുപോയത്. പിന്നെയാണ് അവിടെ പെട്ടുകിടക്കുകയാണെന്ന് മനസ്സിലായത്. നാല് മാസമായി മന്ത്രിമാർക്കും എംപിമാർക്കുമെല്ലാം അപേക്ഷ നൽകി. നോർകയുമായി ബന്ധപ്പെട്ടപ്പോൾ അവർ നിസ്സഹായരാണെന്നാണ് പറയുന്നത്. വരും, വിഷമിക്കരുത് എന്ന ആശ്വാസ വാക്ക് മാത്രമാണ് ലഭിക്കുന്നതെന്ന് ഇരുവരുടെയും ബന്ധുക്കൾ പറയുന്നു.

‘ഇനി വിളിക്കാൻ പറ്റില്ല അമ്മേ, റെയ്ഞ്ച് കിട്ടുമെന്ന് തോന്നുന്നില്ല’ എന്നാണ് ഒടുവിൽ പറഞ്ഞതെന്ന് അമ്മ പറയുന്നു. ഇനി നേരെ അവരെ യുദ്ധമുഖത്തേക്ക് കൊണ്ടുപോകുമെന്നാണ് പറഞ്ഞത്. അവരുടെ മുഖം കാണുമ്പോൾ വിഷമം വരും. അവരുടെ മുൻപത്തെ ഫോട്ടോകളും ഇപ്പോഴത്തെ രൂപവും കാണുമ്പോൾ മനസ്സിലാവും. അവർക്ക് സമാധാനമില്ലാതെ ഇവിടെയെങ്ങനെയാ സമാധാനമായി ഭക്ഷണം കഴിക്കുക എന്നാണ് കുടുംബത്തിന്‍റെ ചോദ്യം. ഇവരെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളിൽ റഷ്യൻ എംബസി സഹകരിക്കുന്നില്ല എന്നാണ് ഇന്ത്യൻ എംബസിയിൽ നിന്ന് ലഭിച്ച വിവരം. എത്രയും പെട്ടെന്ന് ഇരുവരെയും നാട്ടിലെത്തിക്കണം എന്നാണ് കുടുംബങ്ങളുടെ അപേക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button