കലോത്സവ നൃത്താവിഷ്കാരത്തിന് പ്രതിഫലം; നടിക്കെതിരായ പ്രസ്താവന പിൻവലിച്ച് മന്ത്രി, ‘അനാവശ്യ വിവാദങ്ങള്‍ക്കില്ല’
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ അവതരണ നൃത്താവിഷ്കാരം പഠിപ്പിക്കാൻ പ്രമുഖ നടി അഞ്ചു ലക്ഷം ചോദിച്ചെന്ന പ്രസ്താവന പിൻവലിച്ച് മന്ത്രി വി ശിവൻ കുട്ടി. കലോത്സവ സമയത്ത് അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കാൻ വെഞ്ഞാറമൂടിൽ നടത്തിയ പ്രസ്താവന പിന്‍വലിക്കുകയാണെന്നും മന്ത്രി വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തിൽ വിശദീകരിച്ചു. കലോത്സവത്തിന്‍റെ നൃത്താവിഷ്കാരം ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും പ്രമുഖ നടിയോട് ഏഴ് മിനുട്ടുള്ള നൃത്തം ചിട്ടപ്പെടുത്താമോ എന്ന് ചോദിച്ചിരുന്നുവെന്നും മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.
വെഞ്ഞാറമൂട് നടത്തിയ സാംസ്കാരിക പരിപാടിക്കിടെ സുരാജ് വെഞ്ഞാറമ്മൂട്, സുധീര്‍ കരമന അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നുവെന്നും വി ശിവൻ കുട്ടി പറഞ്ഞു. പരിപാടിക്ക് മുടങ്ങാതെ എത്തുന്ന കാര്യം സുരാജ് പറഞ്ഞപ്പോള്‍ എല്ലാവരും ഇത്തരത്തിൽ ചെയ്യുന്നത് നല്ലതായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് കലോത്സവത്തിലെ നൃത്താവിഷ്കാരം സംബന്ധിച്ച കാര്യം പറഞ്ഞത്.
ഓണം വാരാഘോഷത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ ഫഹദ് ഫാസിൽ, ദുൽഖര്‍ സൽമാൻ തുടങ്ങിയവരൊക്കെ പ്രതിഫലം വാങ്ങാതെയാണ് പങ്കെടുത്തത്. കൊല്ലത്ത് നടന്ന കലോത്സവത്തിൽ മമ്മൂട്ടി രണ്ടു മണിക്കൂര്‍ ചെലവഴിച്ചു. സ്കൂള്‍ കലോത്സവങ്ങളിലുടെ പ്രശസ്തയായി മാറിയ നടിയോടാണ് ഇക്കാര്യം തന്‍റെ പ്രസ് സെക്രട്ടറി ആവശ്യപ്പെട്ടത്.