Uncategorized

യൂറോപ്യന്‍ യൂണിയനിലെ തൊഴിലവസരം കേരളത്തിലെത്തിക്കാന്‍ ശ്രമം; ജിഐഇസെഡ് അധികൃതരുമായി ച‍ർച്ച നടത്തി

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെട്ട രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും(ജിഐഇസെഡ്) യോജിച്ച് പ്രവര്‍ത്തിക്കും. തിരുവനന്തപുരത്തെ നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ച ജിഐഇസെഡ് ഇന്റര്‍നാഷണല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ആന്‍ഡ്രിയ വോണ്‍ റൗച്ചുമായി നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ചുള്ള സാധ്യത പരിശോധിക്കാന്‍ തീരുമാനമായത്. ഇതിന്റെ ഭാഗമായി ജര്‍മ്മന്‍ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെ യൂറോപ്യന്‍ രാജ്യങ്ങളിലെ എംബസികളില്‍ നിന്നുള്ള പ്രതിനിധികളുമായി യോഗം ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ക്കുന്നതിനും ധാരണയായി.

നിലവില്‍ ജര്‍മ്മനിയിലേക്ക് കേരളത്തിലെ നഴ്‌സിംഗ് പ്രൊഫഷണലുകളെ ലഭ്യമാക്കുന്നതിന് നടപ്പാക്കി വരുന്ന ട്രിപ്പിള്‍ വിന്‍ പദ്ധതി മാതൃക യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ തൊഴിലവസരം ഒരുക്കുന്നതിനും നടപ്പാക്കണമെന്ന ആശയം നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി അവതരിപ്പിച്ചു. നിലവില്‍ ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, നെതര്‍ലാന്‍ഡ് എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ ട്രിപ്പിള്‍ വിന്‍ മാതൃകയിലുള്ള റിക്രൂട്ട്‌മെന്റ് പദ്ധതിയില്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി, ഐടി ഉള്‍പ്പെടെ കൂടുതല്‍ മേഖലകളിലെ പ്രഫഷണലുകള്‍ക്ക് ട്രിപ്പിള്‍ വിന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴിലവസരം ഒരുക്കുന്നതിനാണ് ശ്രമിക്കുന്നത്. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ ആഗോള ബ്രാന്‍ഡായി മാറിക്കഴിഞ്ഞു. ജര്‍മ്മനിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നഴ്‌സുമാര്‍ക്ക് ഡോക്യുമെന്റേഷന്‍ പ്രാഗല്‍ഭ്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഐടി പരിശീലനം നല്‍കുന്നതിന് നോര്‍ക്ക റൂട്ട്‌സ് തുടക്കമിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു വേണ്ടിയും ട്രിപ്പിള്‍ വിന്‍ പ്ലാറ്റ്‌ഫോം സജ്ജമാക്കുകയെന്നത് വളരെ മികച്ച ആശയമാണെന്ന് ജിഐഇസെഡ് ഇന്റര്‍നാഷണല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ആന്‍ഡ്രിയ വോണ്‍ റൗച്ച് പറഞ്ഞു. ഇക്കാര്യം നടപ്പാക്കുന്നതിനുള്ള എല്ലാ സാധ്യതയും പരിശോധിക്കും. യൂറോപ്പിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന പ്രഫഷണലുകള്‍ക്ക് ഇതു വളരെ സഹായകമാകും. ജിഐഇസെഡിന്റെ മികച്ച പങ്കാളിയാണ് നോര്‍ക്ക റൂട്ട്‌സ്. സുരക്ഷ, തൊഴിലവസരം, തുല്യ അവകാശം തുടങ്ങിയ നിരവധി ഘടകങ്ങളാണ് കേരളത്തില്‍ നിന്നുള്ള പ്രഫഷണലുകളെ ജര്‍മ്മനിയിലേക്ക് ആകര്‍ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

യോഗത്തില്‍ ജിഐഇസെഡ് ഇന്റര്‍നാഷണല്‍ സര്‍വീസസ് പിആര്‍ഒ പല്ലവി സിന്‍ഹ, നോര്‍ക്ക ജനറല്‍ മാനേജര്‍ ടി. രശ്മി, റിക്രൂട്ട്‌മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, സെക്ഷന്‍ ഓഫീസര്‍മാരായ ബി. പ്രവീണ്‍, സനുകുമാര്‍, ട്രിപ്പിള്‍ വിന്‍ പ്രതിനിധികളായ ലിജു ജോര്‍ജ്, സുനേഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നുളള നഴ്‌സിംഗ് പ്രെഫഷണലുകള്‍ക്ക് ജര്‍മ്മനിയില്‍ തൊഴിലവസരമൊരുക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കി വരുന്ന പദ്ധതിയാണ് നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button