Uncategorized

‘ഞാൻ പ്രതിഫലം വാങ്ങിയിട്ടില്ല, അത് വ്യക്തിപരമായ തീരുമാനം’; മന്ത്രിയുടെ വിമര്‍ശനത്തിൽ ആശ ശരത്തിന്‍റെ പ്രതികരണം

സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ അവതരണ ഗാനത്തിനൊപ്പമുള്ള നൃത്തം ചിട്ടപ്പെടുത്താൻ നടി പ്രതിഫലം ചോദിച്ചതിനെ വിദ്യാഭ്യാസ മന്ത്രി വിമര്‍ശിച്ചതില്‍ പ്രതികരണവുമായി നടിയും നര്‍ത്തകിയുമായ ആശ ശരത്ത്. താൻ പ്രതിഫലം വാങ്ങാതെയാണ് കുട്ടികൾക്ക് വേണ്ടി നൃത്തം ചിട്ടപ്പെടുത്തിയതെന്നും എന്നാല്‍ പ്രതിഫലം വാങ്ങണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും ആശ ശരത്ത് പറഞ്ഞു.

“ഞാന്‍ പ്രതിഫലം വാങ്ങിക്കാതെയാണ് കുട്ടികൾക്ക് വേണ്ടി നൃത്തം ചിട്ടപ്പെടുത്തിയത്. എല്ലാം സ്വന്തം ചെലവിലായിരുന്നു. പ്രതിഫലം വാങ്ങണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. ഓരോ കലാകാരിയുടെയും മൂല്യം അവർ തീരുമാനിക്കുന്നതാണല്ലോ. കഴിഞ്ഞ കലോത്സവത്തിന് കുട്ടികൾകൊപ്പം നൃത്തം ചെയ്യുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു. കലോത്സവത്തിലൂടെ വളർന്നു വരുന്നത് നമ്മുടെ അഭിമാന താരങ്ങളാണ്”. ഇത്തവണയും കലോത്സവത്തിനു എത്താൻ ആഗ്രഹം ഉണ്ടെന്നും ആശ ശരത്ത് പറഞ്ഞു.

സ്കൂൾ കലോത്സവത്തിന്‍റെ അവതരണ ഗാനത്തിനൊപ്പമുള്ള നൃത്തം ചിട്ടപ്പെടുത്താൻ അഞ്ച് ലക്ഷം രൂപ നടി പ്രതിഫലം ചോദിച്ചെന്നായിരുന്നു വി ശിവൻകുട്ടിയുടെ വിമര്‍ശനം. കലോത്സവ വേദിയിലൂടെ വളര്‍ന്ന് ചലച്ചിത്രമേഖലയിൽ പ്രശസ്തയായ താരം കേരളത്തോട് അഹങ്കാരവും പണത്തോട് ആര്‍ത്തിയും കാണിച്ചെന്നാണ് മന്ത്രിയുടെ വിമര്‍ശനം. നടിയുടെ പേര് വെളിപ്പെടുത്താതെയായിരുന്നു മന്ത്രിയുടെ വിമ‍ർശനം. അടുത്തമാസം തിരുവനന്തപുരത്താണ് സംസ്ഥാന സ്കൂൾ കലോത്സവം. അവതരണ ഗാനത്തിനൊപ്പം വിദ്യാർത്ഥികൾ പങ്കെടുത്തുന്ന നൃത്താവിഷ്കാരം ഉണ്ട്. അതിന് കുട്ടികളെ പഠിപ്പിക്കാമോ എന്ന് ചോദിച്ചപ്പോൾ നടി സമ്മതിച്ചു. പിന്നാലെ അഞ്ച് ലക്ഷം രൂപ പ്രതിഫലം വേണമെന്നും പറഞ്ഞു. പണം കൊടുത്ത് കൊണ്ട് നടിയെ കൊണ്ട് നൃത്തം പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button