ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ധാക്കയിൽ; ന്യൂനപക്ഷത്തിനെതിരായ ആക്രമണങ്ങളിലെ ആശങ്ക അറിയിക്കും
ധാക്ക: ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ബംഗ്ലാദേശിലെത്തി. ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ബന്ധത്തിൽ ഉലച്ചിലുണ്ടായതിന് പിന്നാലെയാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ധാക്കയിലെത്തിയത്. മുഹമ്മദ് യൂനസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരുമായി ചർച്ച നടത്തും. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തിൽ ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറിയെ ആശങ്ക അറിയിക്കും. ജയിലിൽ കഴിയുന്ന സന്യാസി ചിന്മയ് കൃഷ്ണദാസിന്‍റെ വിചാരണ നീതിപൂർവ്വമായി നടത്തണമെന്ന് ആവശ്യപ്പെടും.
ബംഗ്ലദേശിൽ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന സർക്കാർ രാജിവയ്ക്കുകയും മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ കാവൽ സർക്കാർ അധികാരത്തിലേറുകയും ചെയ്തതിനുശേഷം ധാക്ക സന്ദർശിക്കുന്ന മുതിർന്ന ഇന്ത്യൻ പ്രതിനിധിയാണ് വിക്രം മിസ്രി. ബംഗ്ലദേശ് വിദേശകാര്യ സെക്രട്ടറിയുമായി അദ്ദേഹം ചർച്ച നടത്തുമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
അതിനിടെ ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളുടെ ആരാധനാലങ്ങൾക്കെതിരെ ആക്രമണം തുടരുകയാണ്. ഏറ്റവുമൊടുവിൽ ഡിസംബർ ആറിന് ധാക്കയിലെ ഒരു ഹിന്ദു ക്ഷേത്രത്തിന് തീയിട്ടു. വടക്കൻ ധാക്കയിലെ ധോർ ഗ്രാമത്തിലെ മഹാഭാഗ്യ ലക്ഷ്മിനാരായണ മന്ദിറിന് നേരെയാണ് ആക്രമണമുണ്ടായത്. ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്നാരോപിച്ച് കഴിഞ്ഞ ഒക്ടോബർ 30ന് രജിസ്റ്റർ ചെയ്ത കേസിലാണ് ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന് ജാമ്യം നിഷേധിക്കുകയും ബാങ്ക് അക്കൌണ്ട് മരവിപ്പിക്കുകയും ചെയ്തു. അതിനിടെ ഇസ്കോൺ (ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കൃഷ്ണ കോണ്‍ഷ്യസ്‌നെസ്) ന്‍റെ പ്രവർത്തനം നിരോധിക്കണമെന്ന ആവശ്യം ധാക്ക ഹൈക്കോടതി അംഗീകരിച്ചില്ല.
നേരത്തെ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് തിരിച്ച 54 ഇസ്കോൺ സന്യാസിമാരെ തടഞ്ഞതായി പരാതിയുണ്ട്. മതിയായ യാത്രാ രേഖകളുണ്ടായിട്ടും സന്യാസിമാരെ അതിർത്തി കടക്കാൻ അനുവദിച്ചില്ല. അതിർത്തിയിൽ വെച്ച് സന്യാസിമാരെ തടഞ്ഞ അധികൃതർ മണിക്കൂറുകളോളം കാത്തിരിപ്പിന് ശേഷം ഇന്ത്യയിലേക്കുള്ള യാത്രക്ക് അനുമതി നൽകാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം വിദേശകാര്യ സെക്രട്ടറിമാരുടെ ചർച്ചയിൽ ഇന്ത്യ ഉന്നയിക്കും.