Uncategorized
മാറഞ്ചേരിയിൽ പുല്ല് പറിക്കുന്നതിനിടെ സ്ത്രീയെ കടന്നൽക്കൂട്ടം ആക്രമിച്ചു, രക്ഷിക്കാനെത്തിയവർക്കും കുത്തേറ്റു
മലപ്പുറം: മാറഞ്ചേരിയിൽ കടന്നൽക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലയാണ് സംഭവം. മാറഞ്ചേരി വടമുക്കിലാണ് കടന്നൽ കൂട്ടം ഇളകിയത്. വടമുക്ക് സ്വദേശികളായ നടുക്കാട്ടിൽ ശോഭന, അമ്പാരത്ത് സക്കരിയ്യ എന്നിവരെ സാരമായി പരിക്കുകളുടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടമുക്ക് കുന്നത്ത് പള്ളിപ്പറമ്പിൽ പുല്ല് പറിക്കുകയായിരുന്ന ശോഭനയെ കടന്നൽകുട്ടം ആക്രമിക്കുകയായിരുന്നു. ശോഭനയുടെ നിലവിളി കേട്ട് ഓടിയെത്തിയ സക്കരിയക്ക് ഇവരെ രക്ഷപ്പെടുത്തുന്നതിനിടെയാണ് കടന്നലിന്റെ കുത്തേറ്റത്. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനായി സ്ഥലത്തെത്തിയ ആംബുലൻസ് ഡ്രൈവർ നവാസിനും പരിസരവാസികളായ ഏതാനും പേർക്കും കടന്നലിന്റെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.