ക്രിസ്മസ്-ന്യൂ ഇയര്‍ കാലത്ത് നാട്ടിലെത്താന്‍ ട്രെയിന്‍ ടിക്കറ്റുകളില്ല ; കൊള്ളലാഭം കൊയ്യാന്‍ സ്വകാര്യ ബസുകള്‍
കോഴിക്കോട്: ക്രിസ്മസ്- പുതുവല്‍സര അവധിക്കാല യാത്രകള്‍ക്ക് ടിക്കറ്റുകള്‍ കിട്ടാതെ വലയുകയാണ് മലയാളികള്‍. സംസ്ഥാനത്തിനകത്തുള്ള യാത്രകള്‍ക്കും ട്രെയിന്‍ ടിക്കറ്റ് കിട്ടാനില്ല. വടക്കന്‍ ജില്ലകളില്‍ നിന്നും അവധി ദിവസങ്ങളില്‍ തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകളിലൊന്നും ഈ മാസം പകുതി കഴിഞ്ഞാല്‍ ടിക്കറ്റുകളില്ല. തിരിച്ചും ടിക്കറ്റ് കിട്ടാക്കനിയാകും. തിരുവനന്തപുരം കൊച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ട്രെയിനില്‍ മലബാറിലെത്താന്‍ വിയര്‍ക്കുമെന്നുറപ്പ്.
എന്നാല്‍ ഈ അവസരം മുതലെടുത്ത് കൊള്ളലാഭം കൊയ്യാന്‍ നില്‍ക്കുകയാണ് സ്വകാര്യ ബസുകള്‍.
തിരുവനന്തപുരം- കൊച്ചി ഭാഗങ്ങളിലുള്ള ആയിരക്കണക്കിനാളുകളാണ് കേരളത്തിലെ മലബാര്‍ മേഖലകളില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നത്. എല്ലാ ഉത്സവ സീസണിലെയും പോലെ ഇത്തവണയും നാട്ടിലെത്താന്‍ ഇവര്‍ പാടുപെടുന്ന അവസ്ഥയാണ്. കോഴിക്കോട് നിന്നും ഈ മാസം ഇരുപതിന് തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി, വന്ദേഭാരത്, മാവേലി, ഏറനാട് എക്സ്പ്രസുകള്‍ക്കൊന്നും നിലവില്‍ ടിക്കറ്റ് കിട്ടാനില്ല. നേത്രാവതിയിലും സമാന അവസ്ഥ തന്നെയാണുള്ളത്. പല ട്രെയിനുകളിലും വെയിറ്റിങ് ലിസ്റ്റ് ഇരുന്നൂറ് കടന്നു.
ട്രെയിന്‍ കിട്ടാത്തവര്‍ക്ക് സ്വകാര്യ ബസുകളല്ലാതെ മറ്റ് വഴികളില്ല. എന്നാല്‍ യാത്രക്കാരെ പിഴിയുന്നതാകും വരും ദിവസത്തെ സ്വകാര്യ ബസ് നിരക്ക്. ഡിസംബര്‍ 20 ന് കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് സ്ലീപ്പറിന് ആയിരത്തി മുന്നൂറു മുതല്‍ രണ്ടായിരത്തി അഞ്ഞൂറ് വരെയാണ് ചാര്‍ജ്. സെമി സ്ലീപ്പറിനും ഇതേ നിരക്ക് തന്നെയാണ്. അതിനിയും കൂടുമെന്നുറപ്പ്. മിതമായ നിരക്കില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകളും, റെയില്‍വേ അവധിക്കാല ട്രെയിനുകളും അനുവദിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.