ജലപീരങ്കിയും കണ്ണീര് വാതകവും; ഡൽഹി ചലോ മാർച്ചിൽ നിന്ന് കര്‍ഷകര്‍ താല്‍ക്കാലികമായി പിന്‍വാങ്ങി
ഡൽഹി ചലോ മാർച്ചിൽ നിന്ന് താത്കാലികമായി പിന്മാറി കർഷകർ. ഭാവി സമര പരിപാടികളെ കുറിച്ച്തീരുമാനമെടുക്കാൻ ഇന്ന് യോഗം ചേരും. ഇന്നലെ കർഷകർ പുനരാരംഭിച്ച ഡൽഹി ചലോ മാർച്ച് പഞ്ചാബ് ഹരിയാന അതിർത്തിയായ ശംഭുവിൽ പൊലീസ് തടഞ്ഞിരുന്നു. മാർച്ചിൽ നിന്ന് കർഷകർ പിന്മാറാതായതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കർഷകർക്ക് പരുക്കേറ്റ സാഹചര്യത്തിലാണ് മാർച്ചിൽ നിന്നുള്ള പിന്മാറ്റം. അതിനിടെ കർഷക സമരത്തെ തുടർന്ന് ഹൈവേകൾ അടച്ചിട്ട നടപടിക്കെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി.
കഴിഞ്ഞദിവസം വലിയ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് സംയമനത്തോടെയായിരുന്നു ഹരിയാന പൊലീസ് തുടക്കത്തില്‍ ഇടപെട്ടത്. ശംഭു അതിര്‍ത്തിയില്‍ ബാരിക്കേഡിന് അടുത്തെത്തിയ സമരക്കാര്‍ക്ക് മേല്പുഷ്പവൃഷ്ടി നടത്തി നോക്കി. കുടിക്കാന്‍ ചായയും കഴിക്കാന്‍ ബിസ്ക്കറ്റും നല്കി. പക്ഷേ കര്‍ഷകര്‍ വഴങ്ങിയില്ല. പിന്നാലെ പൊലീസ് ശൈലി മാറ്റി. കണ്ണീര്‍വാതകവും തുടര്‍ന്ന് ജലപീരങ്കിയും പ്രയോഗിച്ചു. രാസവസ്തുക്കളടങ്ങിയ പൂക്കളാണ് പൊലീസ് എറിഞ്ഞതെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു.
ഒന്‍പത് കര്‍ഷകര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒരു മാധ്യമപ്രവര്‍ത്തകയയെും ആശുപത്രിയിലേക്ക് മാറ്റി. കാലാവധി കഴിഞ്ഞ കണ്ണീര്‍വാതക ഷെല്ലുകള്‍ പൊലീസ് പ്രയോഗിച്ചതായി കര്‍ഷകര്‍ ആരോപിച്ചു.