ഹൈദരബാദ് പൊലീസെന്ന വ്യാജേന കോളെത്തി; കൊച്ചിയിൽ 55 കാരന് 18 ലക്ഷം രൂപ നഷ്ടമായി
കൊച്ചി: കൊച്ചിയിൽ വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. കൊച്ചി എളകുളം സ്വദേശിയായ 85 കാരന് 18 ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. ഹൈദരബാദ് പൊലീസെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. വയോധികൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ഭീഷണിപ്പെടുത്തിയാണ് ഡിജിറ്റൽ അറസ്റ്റ് ചെയ്തത്.
സ്വകാര്യ വിമാന കമ്പനിയുടെ മാനേജ്മെന്റുമായി നടത്തിയ തട്ടിപ്പില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നു എന്ന് പറഞ്ഞായിരുന്നു ഭീഷണി. പിന്നീട് ഘട്ടം ഘട്ടമായിട്ടാണ് പ്രതികള്‍ എളകുളം സ്വദേശിയില്‍ നിന്ന് പണം തട്ടിയത്. കേസിൽ നിന്ന് ഒഴിവാക്കുന്നതിനായി ആദ്യം അയ്യായിരം രൂപ അയച്ചുതരാന്‍ പറഞ്ഞു. പിന്നീട് 27ന് വീണ്ടും വിളിച്ച് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. 28ന് 16 ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഇങ്ങനെ 18 ലക്ഷത്തിലധികം രൂപയാണ് തട്ടിപ്പ് സംഘം 85 കാരനില്‍ നിന്ന് തട്ടിയെടുത്തത്. സംഭവത്തില്‍ കൊച്ചി സൈബർ ക്രൈം പൊലീസ് അന്വേഷണം തുടങ്ങി.