പരാതികൾ കേൾക്കാൻ മന്ത്രിമാർ നേരിട്ടെത്തും; താലൂക്ക് തല അദാലത്തിന് നാളെ തുടക്കം, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന താലൂക്കതല അദാലത്തിന് തിരുവനന്തപുരത്ത് തിങ്കളാഴ്ച തുടക്കമാകും. കരുതലും കൈത്താങ്ങും എന്ന പേരിൽ ഗവ. വിമെൻസ് കോളേജിലാണ് അദാലത്ത് നടക്കുക. രാവിലെ ഒൻപതിന് അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷനായിരിക്കും.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി മുഖ്യ പ്രഭാഷണം നടത്തും. ആന്റണി രാജു എം.എൽ.എ, എം.പിമാരായ ഡോ.ശശി തരൂർ, അടൂർ പ്രകാശ്, എഎ റഹിം, മേയർ ആര്യാ രാജേന്ദ്രൻ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ പ്രശാന്ത്, വി.ശശി, എം.വിൻസെന്റ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, വഴുതക്കാട് ഡിവിഷൻ കൗൺസിലർ രാഖി രവികുമാർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ജില്ലാ കളക്ടർ അനുകുമാരി എന്നിവരും പങ്കെടുക്കും ഔപചാരിക ഉദ്ഘാടന ചടങ്ങിന് ശേഷം നടക്കുന്ന തിരുവനന്തപുരം താലൂക്ക് തല അദാലത്തിന് മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ എന്നിവർ നേതൃത്വം നൽകും.