ടയർ പൊട്ടി, ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് കത്തിനശിച്ചു, 5 തീർത്ഥാടകർക്ക് പരിക്ക്
അടൂർ: പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു തീപിടിച്ചു. അപകടത്തിൽ തീർത്ഥാടകർക്ക് പരിക്കേറ്റു.
പത്തനംതിട്ട കൂടൽ ഇടത്തറയിൽ വെച്ചാണ് സംഭവം. കാറിൽ ഉണ്ടായിരുന്നത് അഞ്ച് തീർത്ഥാടകരാണ്. ഇവർക്ക് അപകടത്തിൽ പരിക്കേറ്റു. അഞ്ച് പേരുടേയും പരിക്ക് സാരമുള്ളതല്ല. കാറിന്‍റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് റോഡ് സൈഡിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി കത്തി നശിച്ചു. തെലുങ്കാനയിൽ നിന്നും ശബരിമലയിൽ എത്തി ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.
അതിനിടെ കോട്ടയം കോരുത്തോടും ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. തമിഴ്നാട് ഈറോഡ് സ്വദേശികൾ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. കോരുത്തോട് കോസടിക്ക് സമീപമണ് അപകടം ഉണ്ടായത്. 17 തീർത്ഥാടകരാണ് ബസ്സിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ തീർത്ഥാടകരെ മുണ്ടക്കയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല.