Uncategorized

കര്‍ദിനാളായി വാഴിക്കപ്പെട്ട മാര്‍ ജോര്‍ജ് കൂവക്കാടിന് ഭാവുകങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കര്‍ദിനാളായി വാഴിക്കപ്പെട്ട മാര്‍ ജോര്‍ജ് കൂവക്കാടിന് ഭാവുകങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ സമയം രാത്രി ഒമ്പതിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.

‘കത്തോലിക്കാ സഭയുടെ കര്‍ദിനാളായി വാഴിക്കപ്പെട്ട മാര്‍ ജോര്‍ജ്ജ് കൂവക്കാട്ട് പിതാവിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഇന്ത്യയിലെയും കേരളത്തിലെയും ക്രൈസ്തവര്‍ക്കാകെ, പ്രത്യേകിച്ച് സിറോ മലബാര്‍ സഭയ്ക്ക്, ഏറെ അഭിമാനകരമാണ് പട്ടക്കാരന്‍ ആയിരിക്കെ തന്നെ കര്‍ദിനാള്‍ സ്ഥാനത്തേക്ക് അദ്ദേഹം ഉയര്‍ത്തപ്പെട്ടു എന്ന വസ്തുത. വത്തിക്കാന്റെ ഡിപ്ലോമാറ്റിക്ക് സര്‍വീസിന്റെയും സ്റ്റേറ്റ് സെക്രട്ടേറിയേറ്റിന്റെയും ഭാഗമായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തുള്ള അദ്ദേഹത്തിന് ഈ പുതിയ നിയോഗത്തില്‍ സഭയെയും പൊതു സമൂഹത്തെ ആകെയും കൂടുതല്‍ ആഴത്തില്‍ സേവിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.’, മുഖ്യമന്ത്രി പറഞ്ഞു.

മാര്‍ ജോര്‍ജ് കൂവക്കാടിനെ കൂടാതെ ഇരുപത് പേരെയും കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. മാര്‍പാപ്പയുടെ പ്രത്യേക കുര്‍ബാനയോട് കൂടി ആരംഭിച്ച ചടങ്ങില്‍ പുതിയ കര്‍ദിനാള്‍മാരുടെ പ്രഖ്യാപനവും തൊപ്പി, മോതിരം, അധികാര പത്രം എന്നിവ കൈമാറുന്ന ചടങ്ങുമാണ് നടന്നത്. പൗരസ്ത പാരമ്പര്യം പ്രകാരമുള്ള തൊപ്പിയും കുപ്പായവുമാണ് മാര്‍ കൂവക്കാട് ധരിച്ചത്.

ഏറ്റവും പ്രായം കൂടിയ 99കാരനായ ഇറ്റാലിയന്‍ ബിഷപ്പ് ആഞ്ജലോ അസര്‍ബിയും ഏറ്റവും പ്രായം കുറഞ്ഞ 44കാരനായ യുക്രെനിയന്‍ ബിഷപ്പ് മൈക്കലോ ബൈചോകും കര്‍ദിനാളായി ഉയര്‍ത്തപ്പെട്ടവരില്‍ ഉള്‍പ്പെടും. മാര്‍പാപ്പയുടെ 256 അംഗ കര്‍ദിനാള്‍ സംഘത്തിലാണ് മാര്‍ കൂവക്കാട് അടക്കമുള്ളവര്‍ ഭാഗമാവുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button