1251 കീ.മി. ദൂരത്തിൽ കടന്നുപോകുന്നത് 13 ജില്ലകളിലൂടെ, കേരളത്തിലെ ഏറ്റവും വലിയ പാത; വലിയ പ്രതീക്ഷയെന്ന് മന്ത്രി
തൃശൂര്‍: കേരളത്തിലെ ഏറ്റവും വലിയ പാതയായ മലയോര ഹൈവെ കേരളത്തിന്‍റെ പ്രതീക്ഷയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡ് വികസനത്തിൽ ഈ സർക്കാർ വലിയ മുന്നേറ്റം നടത്തിയെന്നും മികച്ച നിലവാരമുള്ള റോഡുകളാണ് ഇപ്പോഴുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മലയോര ഹൈവെയുടെ ജില്ലയിലെ മൂന്നാം റീച്ചിന്‍റെയും ചാത്തന്‍മാസ്റ്റര്‍ റോഡിന്‍റെ രണ്ടാം റീച്ചും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സനീഷ്‌കുമാര്‍ ജോസഫ് എംഎൽഎ അധ്യക്ഷനായി. ബെന്നി ബെഹനാന്‍ എംപി, കെആര്‍എഫ്ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷിബു കൃഷ്ണരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വേണു കണ്ഠരുമഠത്തില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ വി ബി അശ്വതി, കെ പി ജെയിംസ്, അഡ്വ. ആതിര ദേവരാജന്‍, അമ്പിളി സോമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെനീഷ് പി ജോസ് എന്നിവര്‍ പ്രസംഗിച്ചു. മറ്റത്തൂര്‍, കോടശ്ശേരി, അതിരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് വെള്ളിക്കുളങ്ങര മുതല്‍ കോര്‍മല, രണ്ടുകൈ, ചായ്പന്‍കുഴി, വെറ്റിലപ്പാറ 13 ജംഗ്ഷന്‍ വഴി വെറ്റിലപ്പാറ വരെ 18.35 കീ.മി. നീളത്തില്‍ 12 മീറ്റര്‍ വീതിയിലുമാണ് നിര്‍മാണം നടത്തുക.
ഇതിനായി 124.69 കോടിരൂപയുടെ സാങ്കേതികാനുമതിയും ലഭിച്ചു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന പദ്ധതിക്ക് 2016-17 -ല്‍ ഭരണാനുമതിലഭിച്ചിരുന്നു. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് പ്രവൃത്തിയുടെ നിര്‍വഹണ ചുമതല. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 1251 കീ.മി. ദൂരത്തില്‍ 13 ജില്ലകളിലൂടെ മലയോരഹൈവെ കടന്നുപോകും.
ഇതില്‍, തൃശൂര്‍ ജില്ലയിലെ മൂന്നാം റീച്ചിലാണ് കേരളത്തില്‍ ആദ്യമായി മലയോര ഹൈവേക്കായി നിര്‍മിതികള്‍ക്ക് പണം നല്‍കി ഭൂമി ഏറ്റെടുക്കുന്നത്. കൊടകര, കോടശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 9.150 കീ.മി. നീളം വരുന്ന പുത്തുക്കാവ് – കനകമല – മേച്ചിറ (ചാത്തന്‍മാസ്റ്റര്‍ റോഡ്) പൊതുമരമാമത്ത് റോഡിന് 8.98 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്.