Uncategorized

ഗാർഹിക ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്കിലെ പ്രതിമാസ വര്‍ധന എങ്ങനെ; വിശദീകരണവുമായി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനക്കെതിരെ പ്രതിഷേധങ്ങൾ ഉയരുമ്പോൾ വിശദീകരണവുമായി കെഎസ്ഇബി. കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ 2024 ഡിസംബർ അഞ്ച് മുതൽ പ്രാബല്യത്തോടെ പ്രഖ്യാപിച്ച താരിഫ് ഉത്തരവ് പ്രകാരം വൈദ്യുതി നിരക്കിൽ നാമമാത്രമായ വർധനവ് മാത്രമാണ് ഉപഭോക്താക്കൾക്ക് ഉണ്ടായിട്ടുള്ളതെന്നാണ് കെഎസ്ഇബി വിശദീകരണം.

ഓരോ വിഭാഗങ്ങൾക്കും വരുന്ന വര്‍ധനയെ കുറിച്ചുള്ള കെഎസ്ഇബിയുടെ വിശദീകരണം ഇങ്ങനെ

1. 2024-25 സാമ്പത്തിക വർഷത്തിൽ യൂണിറ്റിന് ശരാശരി 16.94 പൈസയുടെയും 2025-26 വർഷത്തിൽ 12.68 പൈസയുടെയും മാത്രം വർധനവാണ് വരിക.

2. ഗാർഹിക ഉപഭോക്താക്കൾക്ക് 2024-25ൽ 3.56 ശതമാനത്തിന്‍റെയും 2025-26-ൽ 3.2 ശതമാനത്തിന്‍റെയും വർധനവാണ് വരുത്തിയിട്ടുള്ളത്. എൽടി വ്യാവസായിക ഉപഭോക്താക്കൾക്കാകട്ടെ 2024-25ൽ 2.31 ശതമാനവും, 2025-26ൽ 1.29 ശതമാനവും ആണ് വർധനവുണ്ടാവുക എച്ച് ടി വ്യാവസായിക ഉപഭോക്താക്കളുടെ പരമാവധി വർധനവ് 1.20 ശതമാനവുമാണ്.

3. ഗാർഹിക വിഭാഗം ഉപഭോക്താക്കളിൽ പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് നിരക്ക് വർധന ഇല്ലാതെ 1.50 രൂപാ നിരക്കിൽ തുടർന്നും വൈദ്യുതി ലഭ്യമാക്കും. 32,000 ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽ കാൻസർ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉണ്ടെങ്കിൽ പ്രതിമാസം 100 യൂണിറ്റുവരെയുള്ള ഉപയോഗത്തിന് താരിഫ് വർധന ഇല്ല. ഈ വിഭാഗത്തിന്‍റെ കണക്റ്റഡ് ലോഡ് പരിധി 1000 വാട്ടിൽ നിന്ന് 2000 വാട്ടായി ഉയർത്തിയിട്ടുമുണ്ട്.

4. 50 യൂണിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജിൽ അഞ്ചുരൂപയുടെയും, എനർജി ചാർജിൽ 5 പൈസയുടെയും വർധനവാണ് വരുത്തിയിട്ടുള്ളത്. അതായത് ആകെ പ്രതിമാസ വർധനവ് 10 രൂപ മാത്രമാണ്. പ്രതിദിന വർധനവ് 26 പൈസയുമാണ്. ഏകദേശം 26 ലക്ഷം ഗാർഹിക ഉപഭോക്താക്കൾ ആണ് ഈ വിഭാഗത്തിലുള്ളത്.

5. 250 യൂണിറ്റ് വരെ പ്രതിമാസ ഉപയോഗം ഉള്ളവർക്ക് അഞ്ച് മുതൽ 15 രൂപ വരെയാണ് വർധനവ് വരുത്തിയിട്ടുള്ളത്. എനർജി ചാർജിൽ 10 മുതൽ 30 പൈസ വർധനവ് വരുത്തിയിട്ടുണ്ട്. 250 യൂണിറ്റ് ഉപയോഗിക്കുന്ന ഒരു ഗാർഹിക ഉപഭോക്താവിനുണ്ടാകുന്ന വർധനവ് 48 രൂപയാണ്.

6. 250 യൂണിറ്റിനു മുകളിൽ ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് ToD (ടൈം ഓഫ് ഡേ) ബില്ലിംഗ് സമ്പ്രദായം ഏർപ്പെടുത്തും. ഇവരുടെ പകൽ സമയത്തെ എനർജി ചാർജിൽ 10 ശതമാനം ഇളവ് നൽകും. വീടിനോട് ചേർന്ന് ചെറു വാണിജ്യവ്യവസായ സംരംഭങ്ങൾ (നാനോ യൂണിറ്റ്) നടത്തുന്ന വീട്ടമ്മമാർക്കുൾപ്പെടെ പകൽ വൈദ്യുതി നിരക്ക് കുറയുന്നത് സഹായകരമാകും. അഞ്ച് ലക്ഷത്തോളം ഉപഭോക്താക്കൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.

7.വാണിജ്യ ഉപഭോക്താക്കൾക്ക് എനർജി ചാർജിൽ വർധനയില്ല. മീറ്റർ വാടകയും വർധിപ്പിച്ചിട്ടില്ല

8. എൽടി വ്യാവസായിക ഉപഭോക്താക്കൾക്ക് പകൽ സമയത്ത് എനർജി ചാർജിൽ 10 ശതമാനം കുറവ് വരുത്തും. ഈ വിഭാഗം ഉപഭോക്താക്കൾക്ക് താരിഫിൽ വർധനവ് ഉണ്ടാകുമെങ്കിലും, പകൽ സമയത്തെ ToD നിരക്കിൽ ഇളവ് അനുവദിച്ചിട്ടുള്ളതിനാൽ പ്രതിമാസ വൈദ്യുതി ചാർജിൽ കുറവ് വരുമെന്നാണ് കണക്കാക്കപെട്ടിട്ടുള്ളത്.

13. റെഗുലേറ്ററി കമ്മീഷൻ നിലവിൽ വന്നതിനു ശേഷം സംസ്ഥാനത്ത് ആദ്യമായി വൈദ്യുതി താരിഫ് പരിഷ്കരണം നടന്നിട്ടുള്ളത് 2002-ലാണ്. പ്രസ്തുത പരിഷ്കരണം കഴിഞ്ഞ് പത്ത് വർഷ കാലയളവിനു ശേഷം 2012ലാണ് അടുത്ത താരിഫ് പരിഷ്കരണം നടന്നത്. പിന്നീട് 2013, 2014, 2017 എന്നീ വർഷങ്ങളിലും താരിഫ് പരിഷ്കരണം നടന്നിട്ടുണ്ട് . 2012- ൽ 24%, 2013- ൽ 9.1%, 2014- ൽ 6.7%, 2017- ൽ 4.77%, 2019-ൽ 7.32%. 2022- ൽ 7.32%., 2023-ൽ 3.20% എന്നിങ്ങനെയായിരുന്നു വർധനവ്. എന്നിരുന്നാലും ഈ താരിഫ് പരിഷകരണങ്ങളൊന്നും തന്നെ അന്ന് നിലവിലുണ്ടായിരുന്ന റവന്യു കമ്മി പൂർണ്ണമായും നികത്തുന്ന തരത്തിലായിരുന്നില്ല. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍റെ 28.06.2024-ലെ ട്രൂ അപ്പ് ഉത്തരവ് പ്രകാരം (2022-23) 01.04.2023 വരെയുള്ള സഞ്ചിത റവന്യൂ കമ്മി 6408.37 കോടി രൂപയും, 2023-24 -ലെ ട്രൂ അപ്പ് പെറ്റീഷൻ പ്രകാരമുള്ള റവന്യൂ കമ്മിയായ 1323.95 കോടി രൂപയും കൂടിച്ചേരുമ്പോൾ 31.03.2024-ലെ സഞ്ചിത കമ്മി 7732.32 കോടി രൂപയാകും.

2016ലെ ദേശീയ വൈദ്യുതി നയമനുസരിച്ച് ഇപ്രകാരം അംഗീകരിക്കപ്പെട്ട വരുമാന കമ്മി ഏറിയ പക്ഷം ഏഴ് വർഷം കൊണ്ട് അതിന്റെ പലിശ ഉൾപ്പെടെ നികത്തിയെടുക്കേണ്ടതാണ്. ഈ മുൻ കാലകമ്മി കുറഞ്ഞൊരളവിലെങ്കിലും നികത്തിയില്ലെങ്കിൽ സ്ഥാപനത്തിന്റെ നിലനിൽപ്പിനെ തന്നെ ദോഷകരമായി ബാധിക്കും. കൂടാതെ കൺട്രോൾ പീരീയഡ് കാലയളവിൽ (2022 – 2027) വിവിധ കാരണങ്ങളാൽ വർധിച്ചുവരുന്ന പ്രവർത്തന പരിപാലന ചെലവുകൾ, അവശ്യം നടത്തപ്പെടേണ്ട പ്രവർത്തന മൂലധന നിക്ഷേപ പ്രവർത്തികൾക്കുള്ള ചെലവുകൾ വർധിച്ചുവരുന്നു. അതിനാൽ ആവശ്യം വേണ്ട നിയമാനുസൃതമായ ചിലവുകൾ നിറവേറ്റുന്നതിനും, സ്ഥാപനത്തിന്റെ സുസ്ഥിരമായ നിലനിൽപ്പിനും വേണ്ടിയാണ് താരിഫ് പരിഷ്കരണം നിർദേശിക്കാൻ നിർബന്ധിതമായതെന്നും കെഎസ്ഇബി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button