Uncategorized

പുതിയ വൈദ്യുതി നിരക്ക്; ബില്ലില്‍ ഏകദേശം 300 രൂപ വരെ കൂടിയേക്കും

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉയര്‍ത്തി കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. യൂണിറ്റിന് 16 പൈസയുടെ വര്‍ധനവാണ് ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഉണ്ടായിരിക്കുന്നത്. നിരക്ക് വര്‍ധന വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. 2025-ല്‍ യൂണിറ്റിന് 12 പൈസയും വര്‍ധിക്കുമെന്ന് അറിയിപ്പുണ്ട്.

നിരക്ക് വര്‍ദ്ധനവോടെ വീടുകളിലെ വൈദ്യുതിബില്ലില്‍ രണ്ടുമാസത്തിലൊരിക്കല്‍ ഏകദേശം 14 രൂപ മുതല്‍ 300 വരെ വര്‍ധനയുണ്ടാവും. എന്നാല്‍, കാലാകാലം ഏര്‍പ്പെടുത്തുന്ന സര്‍ച്ചാര്‍ജും 10 ശതമാനം വൈദ്യുതി ഡ്യൂട്ടിയും കണക്കാക്കുമ്പോള്‍ ഇതിലും കൂടും.

കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടതിന്റെ പകുതിയില്‍ത്താഴെയാണ് റഗുലേറ്ററി കമ്മിഷന്‍ കൂട്ടാന്‍ ഉത്തരവിട്ടത്. രണ്ടുവര്‍ഷത്തിനിടെ മൂന്നാം തവണയാണ് നിരക്കു കൂട്ടുന്നത്. 2022, 2023 എന്നീ വര്‍ഷങ്ങളിലും നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു.

ജനുവരി മുതല്‍ മേയ് വരെ അഞ്ചുമാസത്തേക്ക് വേനല്‍ക്കാല നിരക്കായി 10 പൈസ കെ.എസ്.ഇ.ബി അധികം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. ചെറുകിട വ്യവസായങ്ങള്‍ക്ക് അഞ്ചുപൈസ വീതം രണ്ടുവര്‍ഷവും കൂടും. വന്‍കിട വ്യവസായങ്ങള്‍ക്ക് ഈ വര്‍ഷം 10 പൈസയും അടുത്തവര്‍ഷം അഞ്ചുപൈസയും കൂടും.

വീടുകളില്‍ വിവിധ സ്ലാബുകളിലെ വര്‍ധന 15 പൈസ മുതല്‍ 25 പൈസവരെയാണ്. വീടുകളില്‍ വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും നല്‍കേണ്ട ഫിക്‌സഡ് ചാര്‍ജ് രണ്ടുവര്‍ഷത്തേക്കും അഞ്ചുമുതല്‍ 30 രൂപവരെ കൂട്ടി. ഇത് ചെറുകിട വാണിജ്യ സ്ഥാപനങ്ങള്‍ക്ക് കൂടില്ല. പെട്ടിക്കടകള്‍ക്ക് അഞ്ചുപൈസ കൂടും.

ഈവര്‍ഷത്തെ നിരക്കുകള്‍ 2025 മാര്‍ച്ച് 31 വരെയാണ് ബാധകം. അടുത്തവര്‍ഷത്തെ നിരക്കുകള്‍ 2027 മാര്‍ച്ച് 31 വരെ തുടരും. ഇതോടൊപ്പം കാലാകാലമുള്ള സര്‍ച്ചാര്‍ജും നല്‍കേണ്ടിവരും. ഡിസംബറില്‍ ഇത് യൂണിറ്റിന് 15 പൈസയാണ്. മീറ്റര്‍ വാടക കൂട്ടില്ല. ഒരു മാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന ബി.പി.എല്‍. വിഭാഗങ്ങളിലെ വീടുകളില്‍ നിരക്ക് കൂടില്ല. കാര്യക്ഷമത കൂട്ടിയും ചെലവുചുരുക്കിയും കുറഞ്ഞനിരക്കില്‍ വൈദ്യുതിവാങ്ങിയും നഷ്ടം പരമാവധി കുറയ്ക്കാന്‍ ബോര്‍ഡിനോട് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button