Uncategorized

ഇന്ധനമടിക്കാന്‍ കൊടുത്തത് 500 രൂപ, അടിച്ചത് 2രൂപയ്ക്ക്; രോഗിയുമായി പോയ ആംബുലന്‍സ് വഴിയില്‍ കുടുങ്ങി

വിഴിഞ്ഞം: രോഗിയുമായി പോകുന്നതിനിടെ ഇന്ധനം നിറച്ച ആംബുലന്‍സ് വഴിയില്‍ കുടുങ്ങിയ സംഭവത്തില്‍ പമ്പ് പൂട്ടിച്ച് നാട്ടുകാര്‍. 500 രൂപ നല്‍കിയ ശേഷം ഇന്ധനം നിറയ്ക്കുന്നതില്‍ ക്രമക്കേട് വരുത്തിയതാണ് പാതിവഴിയില്‍ യാത്ര തടസപ്പെടാന്‍ കാരണമായത്. വിഴിഞ്ഞം-ബാലരാമപുരം റൂട്ടിലെ മുക്കോലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പമ്പാണ് നാട്ടുകാര്‍ ഇടപെട്ട് പൂട്ടിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് അപകടത്തില്‍പ്പെട്ടയാളുമായി ആംബുലന്‍സ് പമ്പിലെത്തിയത്. 500 രൂപയ്ക്ക് പമ്പില്‍ നിന്നും ഇന്ധനമടിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പണവും കൈമാറി. എന്നാല്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഈഞ്ചയ്ക്കല്‍ ഭാഗത്ത് വെച്ച് ആംബുലന്‍സ് ഓഫായി. മറ്റൊരു ആംബുലന്‍സ് എത്തിയാണ് രോഗിയെ ആശുപത്രിയിലെത്തിച്ചത്.

ഇതിനിടെ ബില്ല് പരിശോധിച്ചപ്പോഴാണ് 500 രൂപ നല്‍കിയതില്‍ രണ്ട് രൂപയ്ക്ക് മാത്രമാണ് ഇന്ധനം നിറച്ചതെന്ന് കണ്ടെത്തിയത്. ഇതോടെ ഡ്രൈവറും നാട്ടുകാരും ചേര്‍ന്ന് പമ്പ് ഉപരോധിക്കുകയായിരുന്നു. പമ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാണ് നിര്‍ദേശം. വിഴിഞ്ഞം പൊലീസും ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ തിരുവനന്തപുരം യൂണിറ്റിന്റെ ഫ്‌ലൈയിങ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇന്ധനം നിറയ്ക്കുന്നതില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി കണ്ടെത്തിയത്. ഡ്രൈവര്‍ക്ക് നല്‍കിയ ബില്ലും പരിശോധിച്ചു ഉറപ്പുവരുത്തിയ ഉദ്യോഗസ്ഥര്‍ പമ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഉടമയ്ക്ക് സ്റ്റോപ് മെമോ നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button