Uncategorized

വയനാട്ടിലെ ഓട്ടോഡ്രൈവറുടെ കൊലപാതകം; കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്ന് കുടുംബം

വയനാട്ടില്‍ ഓട്ടോ ഡ്രൈവർ നവാസിനെ ഥാര്‍ ജീപ്പ് ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്ന് കുടുംബം. അറസ്റ്റിലായ സുമില്‍ഷാദിന്‍റെയും അജിന്‍ഷാദിന്‍റെയും പിതാവ് സുല്‍ഫിക്കറിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ബന്ധു അബ്ദുള്‍ റഷീദ് ആരോപിക്കുന്നു.
സുല്‍ഫിക്കറും നവാസും തമ്മില്‍ തര്‍ക്കം ഉണ്ടായിട്ടുണ്ട്. പ്രതിയായ സുമില്‍ഷാദിനെ ഇന്നോവ കാറില്‍ രക്ഷപ്പെടാന്‍ സഹായിച്ചവരുണ്ടെന്നും അതിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്നും അബ്ദുള്‍ റഷീദ് വ്യക്തമാക്കി.

അന്വേഷണത്തിന് പ്രത്യേക സംഘം വേണമെന്നാണ് ഡിവൈഎഫ്ഐയുടെ ആവശ്യം. പ്രതികളുടെ ഹോട്ടല്‍ ലഹരി കേന്ദ്രമായിരുന്നു എന്ന് ആരോപണമുണ്ട്.ഇത് കൂടി അന്വേഷണവിധേയമാക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

കഴിഞ്ഞ തിങ്കളഴ്ചയാണ് ഥാർ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറായ നവാസ് മരിച്ചത്. സംഭവം ആസൂത്രിത കൊലപാതകമെന്ന ആരോപണവുമായി ഓട്ടോ ഡ്രൈവർ നവാസിന്റെ ബന്ധുക്കൾ പൊലീസിനെ സമീപിക്കുകയും ബന്ധുക്കള്‍ വൈത്തിരി പൊലീസില്‍ പരാതി നല്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുമിൽ ഷാദ് ഥാര്‍ ജീപ്പിടിപ്പിച്ച് നവാസിനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്.

ഓട്ടോറിക്ഷയിൽ നവാസ് കയറി പോകുന്ന കാര്യം അജിൻഷാദ് സഹോദരനായ സുമിൽഷാദിനെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്ന് റോഡരികിൽ വാഹനത്തിൽ കാത്തിരിക്കുകയായിരുന്ന സുമിൻഷാദ് അമിത വേഗത്തിലെത്തി ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇരുവരുടെയും മൊഴിയും സിസിടിവി അടക്കമുള്ള മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അപകടം കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് വ്യക്തമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button